തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ.ടി. ജലീലിൻ്റെ റോഡ് ഷോ ആവേശമായി.
തവനൂർ: ആയിരങ്ങളുടെ ആവേശവും ജനാരവവും സാക്ഷിയായി തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിന്റെ റോഡ് ഷോ ശ്രദ്ധേയമായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളിലും കാറുകളിലുമായി കൊടികളും തോരണങ്ങളും ഉയർത്തി പ്രവർത്തകർ വൻ തിരക്കോടെ റോഡ് ഷോയിൽ പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് നാലിന് നീലിയാട് നിന്നാരംഭിച്ച യാത്രയിൽ ഓരോ കേന്ദ്രങ്ങളിലും മണ്ഡലത്തിൽ സുപരിചിതനും ജനകീയനുമായ സ്ഥാനാർഥിയെന്ന നിലയിൽ ഡോ. ജലീലിന് വമ്പിച്ച സ്വീകരണം ലഭിച്ചു. റോഡ് ഷോ രാത്രി 9 മണിയോടെ കൂട്ടായി ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സമാപിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ, എടപ്പാൾ ഏരിയ സെന്റർ അംഗങ്ങളായ രാമകൃഷ്ണൻ, അഡ്വ. എം.ബി. ഫൈസൽ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.എൻ. ഉദയൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
രാവിലെ കൂട്ടായിയിൽ മരണവീട് സന്ദർശിച്ചുകൊണ്ടാണ് ദിനപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് തവനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാരണവൻമാരെയും പൗരപ്രമുഖരെയും രോഗികളെയും സന്ദർശിച്ചു. മാറഞ്ചേരിയിലും ആലത്തിയൂരിലും നടന്ന ക്ഷേത്രോത്സവങ്ങളിൽ പങ്കെടുത്ത സ്ഥാനാർഥിയെ ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയിലും അദ്ദേഹം പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിൽ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം വേണു, തവനൂർ പഞ്ചായത്ത് അംഗം ബാബു, തൃപ്രങ്ങോട് പഞ്ചായത്ത് അംഗം മുനീർ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായി.



