കുന്നംകുളം: ബസ്സിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശി താഴത്തേതിൽ വീട്ടിൽ സുധാകരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2024 ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നംകുളം സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യാജേന പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് വന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്.
സംഭവത്തിൽ വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.പി.ഒ രോഷിണി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും അന്നത്തെ സബ് ഇൻസ്പെക്ടർ ജലീൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻസ്പെക്ടർ കെ.പി. ആനന്ദ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ.എസ്. ബിനോയ്, അഡ്വക്കേറ്റ് ടി.വി. ചിത്ര എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മിനിമോൾ പ്രവർത്തിച്ചു.



