കേരളത്തിൽ കണ്ണട മൊത്തവ്യാപാരത്തിന് വഴിതുറന്ന കുന്നംകുളം സ്വദേശി ടി. പി. കൊച്ചുകുഞ്ഞൻ ഓർമ്മയായി


 കൊച്ചി: അനേകർക്ക് ലോകം വ്യക്തമായി കാണാൻ വഴിയൊരുക്കിയ ജീവിതയാത്രയ്ക്ക് വിരാമമായി. കേരളത്തിൽ കണ്ണട മൊത്തവ്യാപാര രംഗത്തിന് തുടക്കമിട്ട പ്രമുഖ വ്യാപാരിയും എറണാകുളം ലാലി ഒപ്റ്റിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണറുമായ തോലത്ത് വീട്ടിൽ ടി. പി. കൊച്ചുകുഞ്ഞൻ നിര്യാതനായി. എറണാകുളം കലൂർ പോണോത്ത് റോഡിലെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം എൺപത്തി രണ്ട് വയസ്സാണ് പ്രായം.



പ്രവാസജീവിതത്തിലെ അനുഭവങ്ങളും പരിശ്രമവും കൈമുതലാക്കി നാട്ടിലെത്തിയ അദ്ദേഹം 1983-ൽ കേരളത്തിൽ ആദ്യമായി കണ്ണട മൊത്തവ്യാപാരം ആരംഭിച്ച് ഈ മേഖലയ്ക്ക് പുതിയ ദിശ തുറന്നു. 


പിന്നീട് മുളന്തുരുത്തി പെരുമ്പിള്ളിയിൽ സെന്റ് ജോർജ് ഒപ്റ്റിക്കൽ ഇൻഡസ്ട്രീസ് സ്ഥാപിച്ച് കേരളത്തിലെ ആദ്യ കണ്ണട ഫ്രെയിം നിർമ്മാണ സ്ഥാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കാഴ്ചയുടെ ലോകത്ത് അനേകർക്ക് വെളിച്ചം പകരുന്ന ഒരു സംരംഭമായി അത് പിന്നീട് വളർന്ന് പന്തലിച്ചു.



1991-ൽ മുഖ്യമന്ത്രി ഇ. കെ. നായനാർ നേതൃത്വം നൽകിയ കേരള സർക്കാർ നടപ്പാക്കിയ സാക്ഷരത മിഷൻ പദ്ധതിയുടെ ഭാഗമായി വായോധികർക്കായി വിതരണം ചെയ്തിരുന്ന കണ്ണടകൾ ഈ സ്ഥാപനത്തിൽ നിന്നായിരുന്നു. അക്ഷരലോകത്തിലേക്ക് കടക്കാൻ ശ്രമിച്ച ആയിരക്കണക്കിന് മുതിർന്നവർക്കു കാഴ്ചയുടെ സഹായം നൽകിയത് ഈ സംരംഭം തന്നെയായിരുന്നു.



തൃശൂർ കുന്നംകുളം സ്വദേശിയായ കൊച്ചുകുഞ്ഞൻ കഴിഞ്ഞ 45 വർഷത്തിലേറെയായി എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു. വ്യാപാരരംഗത്ത് മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും വിശാലമായ സുഹൃദ് ബന്ധങ്ങൾ കാത്ത് സൂക്ഷിച്ചിരുന്നു.



മൃതദ്ദേഹം എറണാകുളം കലൂർ പോണോത്ത് റോഡിലെ തോലത്ത് വീട്ടിൽ ശനിയാഴ്ച രാവിലെ 8.30 വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് പ്രാർത്ഥനകൾക്ക് ശേഷം കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാര ശുശ്രൂഷ നടക്കും.



ഭാര്യ: ലീലാമ്മ (തൃശൂർ മാറ്റാംപുറം താണിക്കുടം കളപുരക്കൽ കുടുംബാംഗം).

മക്കൾ: ലാലി (മൂവാറ്റുപുഴ), അരുൺ തോലത്ത് (ബിസിനസ്), അമ്പിളി (വൈക്കം).

മരുമക്കൾ: ഷാൻസ് പോൾ കൊച്ചുകുടിയിൽ (ബിസിനസ്), റെനി അരുൺ, അലക്സ് വി. പോൾ വലിയകുളങ്ങര (ബിസിനസ്).

സഹോദരങ്ങൾ: ലില്ലി (പരേത), ചിന്ന, ടി. പി. ജോസ് (ബിസിനസ്).

Post a Comment

Previous Post Next Post