കുന്നംകുളം ജംങ്ഷന്‍ വികസനം, പുനരധിവാസ കെട്ടിടത്തിന് സാങ്കേതികാനുമതിയായി


 കുന്നംകുളം ജംങ്ഷന്‍ വികസനം, പുനരധിവാസ കെട്ടിടത്തിന് സാങ്കേതികാനുമതിയായി.

കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കുന്ന കുന്നംകുളം ജംങ്ഷന്‍ വികസനപദ്ധതിയുടെ ഭാഗമായി ഒഴിവാക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് സാങ്കേതികാനുമതിയായി. 5.97 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായതിനെ തുടര്‍ന്ന് കെട്ടിടനിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ എസ് പി വി ആയ കേരള റോഡ് ഫണ്ട് ബോര്‍ഡ് ക്ഷണിച്ചു.


ബൈജു റോഡില്‍ നഗരസഭ വിട്ടു നല്‍കിയ പാറയില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന 36 സെന്റ് സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. നാലുനിലകളിലായി വിഭാവനം ചെയ്തിട്ടുള്ള കെട്ടിടത്തില്‍ ഓരോ നിലയിലും 337 ച.മീ. വിസ്തീര്‍ണ്ണമുണ്ടാകും. ആകെ 1412 ച.മീ വിസ്തൃതിയില്‍ 48 കടമുറികള്‍, ലിഫ്റ്റ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ടൊയ് ലെറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ വൈദ്യുതീകരണത്തിനായും വകയിരുത്തിയിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നഗരസഭക്ക് കൈമാറും. 


എ സി മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് കുന്നംകുളത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്, കുന്നംകുളം റിംഗ് റോഡ് വികസനവും ജംങ്ഷന്‍ വികസനവും കുന്നംകുളത്ത് യാഥാര്‍ത്ഥ്യമാകുന്നത്. 160 കോടി രൂപ ചിലവില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വിവിധ ഘട്ടത്തിലാണ്. ജംങ്ഷന്‍ വികസനത്തിന്റെ 19(1) നോട്ടിഫിക്കേഷനും നഷ്ടപരിഹാരതുക കൈമാറലും ഒരു മാസത്തിനകം ആംരഭിക്കാനാകും. റിംഗ് റോഡ് വികസനപദ്ധതിയില്‍ 11(1) നോട്ടിഫിക്കേഷന്‍ ഈ മാസം പ്രസിദ്ധീകരിക്കാനാകും. പുനരധിവാസ കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Post a Comment

Previous Post Next Post