എടപ്പാൾ :സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി സമ്പൂർണ്ണ വനിതാ പഞ്ചവാദ്യം വനിതാദിനമായ മാർച്ച് 8ന് അരങ്ങേറി. 75 സ്ത്രീകൾ അണിനിരന്ന ‘മാത്രിക’ വനിതാ പഞ്ചവാദ്യസംഘമാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പഞ്ചവാദ്യം അവതരിപ്പിച്ചത്.
പത്തു വയസ്സ് മുതൽ 74 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളാണ് സംഘത്തിൽ പങ്കെടുത്തത്. 21 തിമില, 10 മദ്ദളം, 8 ഇടയ്ക്ക, 14 കൊമ്പ്, 21 ഇലത്താളം, ഒരു ശംഖ് എന്നിവയടങ്ങിയ പഞ്ചവാദ്യം പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവമായി. വാദ്യകലാരംഗത്തെ ലിംഗവിവേചനത്തിന് മറുപടി പറഞ്ഞുകൊണ്ട് സ്ത്രീകൾ ഈ മേഖലയിൽ ചുവടുറപ്പിക്കുന്ന കാഴ്ച വനിതാദിനത്തിന് പ്രത്യേക മിഴിവ് നൽകി.
വനിതാ പഞ്ചവാദ്യത്തിന് മുൻപായി സോപാനം വാദ്യകലാ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന സാംസ്കാരികസദസ് കെ. അജിത ഉദ്ഘാടനം ചെയ്തു. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ അധ്യക്ഷനായി. കവി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, നോർക ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വാദ്യകലാരംഗത്ത് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം തുടർന്നും പ്രവർത്തിക്കുകയെന്ന് സംഘാടകർ അറിയിച്ചു.



