മസ്കത്ത്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട യൂസഫിൻ് മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ രക്ഷപ്പെട്ടു. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



