പെരുമ്പിലാവ് ബാറിലെ സംഘർഷം കൊലപാതക കേസിലെ പ്രതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.


 കുന്നംകുളം:പെരുമ്പിലാവിലെ ബാറിൽ വെച്ചുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കളെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടാസംഘാംഗങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി ലിഷോയ് (29), കരിക്കാട് സ്വദേശി ബാദുഷ (29), പെങ്ങാമുക്ക് സ്വദേശി മണികണ്ഠൻ (25) എന്നിവരെയാണ് കുന്നംകുളം പോലീസ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാത്രി 10.30-ഓടെ പെരുമ്പിലാവിലെ കെ.ആർ. ബാറിലായിരുന്നു ആക്രമണം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പ്രതികൾ ബിയർ കുപ്പി കൊണ്ട് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ചാലിശേരി സ്വദേശികളായ വൈഷ്ണവ്, വിഷ്ണു, എടപ്പാൾ സ്വദേശി വിജിൽ എന്നിവർക്ക് പരിക്കേറ്റു. വിഷ്ണുവിന്റെ പുറത്ത് ആഴത്തിൽ മുറിവേൽക്കുകയും 37 തുന്നലുകൾ വേണ്ടിവരികയും ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ പ്രതികൾ കുന്നംകുളം, ചങ്ങരംകുളം പോലീസ് സ്റ്റേഷനുകളിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. കഴിഞ്ഞ വർഷം മാർച്ചിൽ പെരുമ്പിലാവ് സ്വദേശി അക്ഷയ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടിയാണ് ലിഷോയിയും ബാദുഷയും. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുന്നംകുളം പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ ശരത്ത് സോമൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് , മനീഷ്, എന്നിവർ ചേർന്ന് പത്തനംതിട്ടയിൽ ഒളിവിൽ കഴിയുന്ന സങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post