2000 ദിവസത്തിൽ 200 ക്ഷേത്രങ്ങൾ രഞ്ജിനി വിനോദിന്റെ ആത്മീയ യാത്ര ശ്രദ്ധേയമായി


എടപ്പാൾ: 'ആത്മീയതയും സംസ്കാര പൈതൃക സംരക്ഷണവും കൈകോർക്കുന്ന അപൂർവ യാത്രയ്ക്ക് നിറവേകി രഞ്ജിനി വിനോദ്. 2000 ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ കേരളത്തിലെ 14 ജില്ലകളിലായി 200 ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് അവർ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.

കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച രഞ്ജിനി വിനോദ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിലൂടെ ക്ഷേത്രങ്ങളുടെ ചരിത്രം, ആചാരങ്ങൾ, വിശേഷങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് രഞ്ജിനി. ഭർത്താവ് വിനോദ് പി നാരായണന്റെ സഹകരണത്തോടെ ദൃശ്യങ്ങൾ പകർത്തുകയും, തിരക്കഥ, ശബ്ദം, എഡിറ്റിംഗ് എന്നിവ രഞ്ജിനി തന്നെ നിർവഹിക്കുകയും ചെയ്യുന്നു.

തൃശൂരിൽ മാത്രം 110 ക്ഷേത്രങ്ങൾ സന്ദർശിച്ച് അവ രേഖപ്പെടുത്തിയത് ഈ യാത്രയുടെ പ്രത്യേകതയാണ്.

ഡിജിറ്റൽ ഉള്ളടക്കത്തിനൊപ്പം, ക്ഷേത്രങ്ങളെ ആസ്പദമാക്കി നാല് മലയാളവും ഒരു ഇംഗ്ലീഷും ഉൾപ്പെടെ ആകെ അഞ്ച് പുസ്തകങ്ങളും രഞ്ജിനി രചിച്ചിട്ടുണ്ട്. ഭക്തർക്കും യാത്രാപ്രേമികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ അറിവുകൾ പങ്കുവെക്കുന്ന ഈ കൃതികൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ആത്മീയ യാത്രയും സാംസ്കാരിക പൈതൃക സംരക്ഷണവും ഒരുമിപ്പിക്കുന്ന ഈ ശ്രമം സമൂഹത്തിന് മാതൃകയായിരിക്കുകയാണ്.

Post a Comment

Previous Post Next Post