ആലുവയിൽ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്;ഇടപാടുകൾ രണ്ട് മണിക്കൂറോളം നിലച്ചു


 ആലുവ: ദേശീയപാതയോട് ചേർന്ന പറവൂർ കവലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ് കയറിക്കൂടിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. 


കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിൻവലിക്കാനെത്തിയ വ്യക്തിയാണ് എടിഎം മെഷീന്റെ താഴെയായി പാമ്പിനെ ശ്രദ്ധിച്ചത്. കാർഡ് മെഷീനിൽ നിന്ന് തിരികെ എടുക്കുന്നതിനിടെ പാമ്പിനെ കണ്ട ഇയാൾ ഭയന്ന് പുറത്തേക്ക് ഓടി മറ്റുള്ളവരെ വിവരം അറിയിച്ചു.

ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. എടിഎമ്മിലേക്ക് ആരും പ്രവേശിക്കാൻ തയ്യാറാകാതിരുന്നതോടെ ഇടപാടുകൾ രണ്ട് മണിക്കൂറോളം പൂർണ്ണമായി തടസ്സപ്പെട്ടു.


 വിവരമറിഞ്ഞെത്തിയ നാട്ടുകാരും സമീപ വ്യാപാരികളും പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അത് ഒഴിവാക്കി.



പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഉടൻ പരിഹാരം ലഭിച്ചില്ല. വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം പുറത്തേക്ക് ഇഴഞ്ഞ് സമീപത്തെ പറമ്പിലേക്ക് മറഞ്ഞു. തുടർന്ന് മാത്രമാണ് എടിഎം പ്രവർത്തനം പുനരാരംഭിച്ചത്.



സംഭവത്തെ തുടർന്ന് പണം പിൻവലിക്കാൻ എത്തിയ നിരവധി പേർ നിരാശരായി മടങ്ങേണ്ടിവന്നു.

Post a Comment

Previous Post Next Post