മെഡിക്കൽ സ്റ്റോറുകളിലെ മരുന്ന് വില്പനയിൽ കർശന നിയന്ത്രണം.
രാജ്യത്തെ മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന മരുന്നുവിൽപനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും വ്യക്തമായി പരിശോധിക്കാവുന്ന തരത്തിൽ വേണം കാമറകൾ സ്ഥാപിക്കേണ്ടതെന്നു സമിതി വ്യക്തമാക്കി.
നിലവിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. അനിയന്ത്രിതമായ മരുന്ന് വിൽപ്പന തടയുന്നതിനും ലഹരിമരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ വിതരണം നിരീക്ഷിക്കുന്നതിനുമാണ് ഈ നീക്കം.
ചില്ലറ വിപണന കേന്ദ്രങ്ങളിൽ ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നത് തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിസിയുടെ തീരുമാനം.
സിസിടിവി നിരീക്ഷണത്തിനു പുറമെ, മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം രേഖപ്പെടുത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ കേന്ദ്രീകൃത പോർട്ടലോ വികസിപ്പിക്കാനും സമിതി സമ്മതിച്ചു. ഇതോടെ ദുരുപയോഗ സാധ്യതയുള്ള മരുന്നുകളുടെ സ്റ്റോക്കും വിൽപ്പന രീതിയും ദേശീയതലത്തിൽത്തന്നെ നിരീക്ഷിക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും റെഗുലേറ്റർമാർക്കും സാധിക്കും.സംസ്ഥാനതലത്തിലുള്ള രേഖകൾക്ക് പകരം ഏകീകൃത ദേശീയ വിവരശേഖരണ സംവിധാനത്തിലേക്ക് മാറുന്നത് മരുന്ന് വിപണിയിലെ സുതാര്യത ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ.



