ജന്മനാ വൃക്കരോഗം: അഞ്ചുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ നാടിന്റെ കരുണ തേടുന്നു


 കൂറ്റനാട് : ജന്മനാ ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന അഞ്ചു വയസ്സുകാരൻ അവിഷേകിന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. ആമക്കാവ് നമ്മിണിപ്പറമ്പ്, ഭഗവതി പറമ്പിൽ ബി.പി.സുരേഷിന്റെയും വിദ്യയുടെയും ഇളയ മകനാണ് അവിഷേക്.  

    ജനിച്ചപ്പോൾ മുതൽ വൃക്കരോഗ ബാധിതനായ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചി അമൃത ആശുപത്രിയിലുമായി ചികിത്സയിലാണ്. ദിവസേനയുള്ള ഡയാലിസിസ് ഇല്ലാതെ ജീവൻ നിലനിർത്താനാകാത്ത സ്ഥിതിയാണ്. ജീവൻ രക്ഷിക്കാൻ അടിയന്തരമായി വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ വേണമെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വലിയൊരു തുക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.  


    ചുമട്ടുതൊഴിലാളിയായ പിതാവ് സുരേഷിനും തൊഴിൽരഹിതയായ മാതാവ് വിദ്യയ്ക്കും ഈ തുക കണ്ടെത്തുക അസാധ്യമാണ്. കഴിഞ്ഞ വർഷം മൂത്ത മകൻ ആഘോഷ് കിണറ്റിൽ വീണ് മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പാണ് ഇളയ മകന്റെ ഗുരുതരാവസ്ഥ കുടുംബത്തെ തളർത്തുന്നത്. “അവനാണ് ഞങ്ങളുടെ ഏക പ്രതീക്ഷ” എന്ന് മാതാപിതാക്കൾ പറയുന്നു. 


സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ‘നമ്മിണിപ്പറമ്പ് അവിഷേക് ചികിത്സാ സഹായ സമിതി’ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

     പി.ആർ.കുഞ്ഞുണ്ണി (തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസി.) മുഖ്യ രക്ഷാധികാരിയും, ഡോ.ടി.വി.നിഷ (നാഗലശ്ശേരി പഞ്ചായത്ത് പ്രസി.) ചെയർപേഴ്സണും എ.എം.രാജൻ കൺവീനറും ഡി.രാജപ്പൻ ട്രഷററുമായ ചികിത്സാ സഹായ സമിതി കേരള ഗ്രാമീൺ ബാങ്കിൻ്റെ പെരിങ്ങോട് ശാഖയിൽ പുതിയ അക്കൗണ്ട് തുറന്നിട്ടുണ്ട്.  

ഉദാരമതികളായ സുമനസ്സുകളുടെ സഹായം തേടുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചു. ഒരു കുരുന്നുജീവൻ രക്ഷിക്കാനുള്ള ഈ മഹത്തായ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അവർ അഭ്യർത്ഥിച്ചു.

അക്കൗണ്ട് നമ്പർ: 40704101116937  

IFSC കോഡ്: KLGB0040704  

*UPI ID*: 40704101116937@cnrb

Post a Comment

Previous Post Next Post