തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അസ്വാഭാവിക മരണത്തിനെടുത്ത കേസും തുടര്‍ന്ന് അധ്യാപികയുടെ പരാതിയില്‍ ലോണ്‍ ആപ്പിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുമാണ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്. രണ്ടു കേസും ക്രൈംബ്രാഞ്ചിനു വിടണമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
അതേസമയം പൊലീസ് അന്വേഷണത്തില്‍ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിന്‍ മരിച്ച് 18 ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതനായ ഡോ. എം.കെ.റാമിനെ പിടികൂടാന്‍ കഴിയാത്തതില്‍ കുടുംബം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജാതി അധിക്ഷേപമെന്ന ആരോപണം മറച്ചുവച്ച് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് ഒത്തുകളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ ഇയാള്‍ ജന്മനാടായ തെലങ്കാനയിലേക്കു കടന്നെന്നാണു നിഗമനം. ഡോ. റാം നടത്തിയ ജാതി അധിക്ഷേപമാണു നിതിന്‍ രാജിന്റെ മരണത്തിനു കാരണമെന്നാണു പരാതി. ഇയാള്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്.
ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികള്‍. എം കെ റാമിനെയും സംഗീതയെയും കോളജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെ, അധ്യാപികയെയും നിതിന്‍ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ നോയ്ഡയിലെ ഇന്‍സ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു



