തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകൾ ഉടൻ നിരത്തിലിറങ്ങും. നിലവിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ സർവീസ് നടത്തുന്ന ബസ് റോഡ് പണി പൂർത്തിയായാൽ തൃശൂർ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിൽ ഇതൊരു കൾച്ചർ ആയി മാറും എന്നാണ് തൻ്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മൾ ഇനി ഒരുപാട് വണ്ടികൾ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറിൽ നിന്ന് തിരിച്ച് ബസിലേക്ക് ആകർഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാൻ മന്ത്രിയായിട്ട് വന്നപ്പോൾ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവൻ തിരിച്ചുപിടിക്കാൻ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകർഷിക്കുകയാണ് ലക്ഷ്യം -
ബിസിനസ് ക്ലാസ് ബസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇത് വിജയിക്കുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത് വന്നപ്പോ എല്ലാരും അത്ഭുതപ്പെട്ടു. അതൊരു ആകർഷണമായി മാറി, വിജയിച്ചു. ഇത് അതുപോലെ ഒരു വിജയമായിരിക്കും - അദ്ദേഹം പറഞ്ഞു.
ബസിലെ സൗകര്യങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബസിൽ പാൻട്രിയുണ്ട്. അതിലൂടെ ഫുഡ് കിട്ടും. എയർഹോസ്റ്റസ് മോഡലിൽ ഒരു ബസ് ഹോസ്റ്റസ് ഉണ്ടാകും. കോളിംഗ് ബെല്ല് വച്ചിട്ടുണ്ട്. എല്ലാ സീറ്റിലും ബെൽറ്റ് വച്ചിട്ടുണ്ട്. സുഖമായിട്ട് ഇരുന്ന് ഉറങ്ങാം. ഒരനക്കവും ഉണ്ടാവില്ല. വോൾവോയുടെ ഏറ്റവും ലേറ്റസ്റ്റ് വണ്ടിയാണ് വാങ്ങിച്ചിരിക്കുന്നത്. ഇതിനകത്ത് ബയോടോയ്‌ലറ്റ് ഉണ്ട്. എല്ലാ സീറ്റിലും ടിവിയുണ്ട്. അത് അവനവന്റെ ഫോണിൽ നിന്നും ഹോട്സ്പോട്ട് വച്ച് കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ട് -അദ്ദേഹം പറഞ്ഞു.
ബസിന്റെ ചാർജിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 700 രൂപയിൽ താഴെയായിരിക്കും ചാർജ്. ഭക്ഷണമുൾപ്പടെയാണ്. 38 സീറ്റാണ് ഇപ്പോൾ ഉള്ളത്. പാൻട്രി വിപുലമാക്കേണ്ടതുകൊണ്ട് അത് 36 ആക്കേണ്ടി വരും. എല്ലാം ഇംപോർട്ടഡ് ആയ സാധനങ്ങളാണ് വെച്ചിരിക്കുന്നത്. സേഫ്റ്റി ഫീച്ചേഴ്സ് ഉണ്ട്. പിന്നെ ഫയറിന്റെ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഫുൾ സേഫ് ആണ് വണ്ടിയെന്ന്അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം - കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേസമയം, തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്



