ശബരിമല: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി എഡിജിപിയുടെ റിപ്പോർട്ട്. കോസ്റ്റ് ഗാർഡാണെന്ന പേരിൽ സംഭവത്തെ ലഘൂകരിക്കാനാകില്ലെന്നും, അപകടകരമായ രീതിയിലാണ് ഹെലികോപ്റ്റർ പറത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ത്തി പറത്തേണ്ട യാതൊരു ആവശ്യകതയും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊന്നമ്പലമേടിൽ 200 മീറ്ററിൽ താഴെ പറക്കുന്നത് അനുവദനീയമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സംഭവം വിശദമായി അന്വേഷിക്കുന്നതിന് എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എയർ ട്രാഫിക് കൺട്രോളിനോട് വിശദീകരണം തേടുമെന്നും അധികൃതർ അറിയിച്ചു. റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കും.
വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. തീരസുരക്ഷാ സേനയുടെ സി.ജി-821 ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലൂടെ വളരെ താഴ്ന്ന് പറന്നത്. കൊടിമരത്തിന് ഏകദേശം അഞ്ച് മീറ്റർ ഉയരത്തിൽവരെ ഹെലികോപ്റ്റർ താഴ്ന്നുവെന്നാണ് നിഗമനം. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ചിത്രങ്ങൾ എടുത്തതായും സംശയമുണ്ട്.
സന്നിധാനത്ത് ക്ഷേത്രത്തിന് അതീവ സമീപമായി ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ഇതാദ്യമായാണ്.



