എരമംഗലം: സ്വന്തം ജീവൻ അവസാനിപ്പിക്കാൻ തുനിഞ്ഞ പത്തു വയസ്സുകാരന് രക്ഷകരായി പെരുമ്പടപ്പ് പോലീസ്. എരമംഗലത്ത് പണി തീരാത്ത കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കുട്ടിയെ അതിസാഹസികമായാണ് പോലീസ് ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വീട്ടുകാർ വിലക്കിയതിനെത്തുടർന്നുള്ള മനോവിഷമമാണ് കുട്ടിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അതീവ ശ്രദ്ധയോടെയും സ്നേഹത്തോടെയും കുട്ടിയോട് സംസാരിക്കുകയും, അവനെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു.
നാട്ടുകാരും പോലീസും ശ്വാസമടക്കിപ്പിടിച്ചു നിന്ന നിമിഷങ്ങൾക്കൊടുവിൽ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കിട്ടിയപ്പോൾ ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും കണ്ണീരണിയുകയായിരുന്നു അവിടെയുണ്ടായിരുന്നവർ. പോലീസിൻ്റെ ഈ സമയോചിതമായ ഇടപെടലിനെ നാട് ഒന്നടങ്കം അഭിനന്ദിക്കുകയാണ്.



