2,000 രൂപയുടെ നോട്ടുകള്‍ ഇനിയും കൈയ്യിലുണ്ടെങ്കില്‍ മാറാനാവും


 രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും ഇതിനകം ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 മെയ് 19നു നോട്ടുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ വിപണിയില്‍ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. 2026 ഏപ്രില്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇത് 5,451 കോടി രൂപയായി കുറഞ്ഞതായി ആര്‍ബിഐ വ്യക്തമാക്കി. 2,000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുത നിലനില്‍ക്കുന്നുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. നിലവില്‍ ബാങ്ക് ശാഖകളിലൂടെ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല. എന്നാല്‍ ആര്‍ബിഐയുടെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള്‍ വഴി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടുകള്‍ മാറ്റാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കും. ആര്‍ബിഐ ഓഫീസുകളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്‍ഷുറന്‍സ് ചെയ്ത പോസ്റ്റിലൂടെ നോട്ടുകള്‍ അയക്കാനും സൗകര്യമുണ്ട്. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ആര്‍ബിഐയുടെ പ്രത്യേക കൗണ്ടറുകള്‍ വഴി നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റാനുമുള്ള നടപടികള്‍ തുടരുകയാണ്. ശേഷിക്കുന്ന നോട്ടുകളും ഉടന്‍ തന്നെ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post