തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ ഒരു യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
നില വഷളായതറിഞ്ഞ ബസ് ജീവനക്കാർ വൈകാതെ തന്നെ ബസ് നേരിട്ട് തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിലേക്ക് എത്തിച്ചു.
ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ചതോടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി.
ഡ്രൈവർ അഫ്സൽ, കണ്ടക്ടർ യൂനുസ്, ക്ലീനർ ബാബു എന്നിവരുടെ സമയോചിതവും മനുഷ്യസ്നേഹപരവുമായ ഇടപെടലാണ് ഇതിന് വഴിവച്ചത്.
ഈ മാതൃകാപരമായ പ്രവർത്തനത്തിന് തിരൂർ ജനമൈത്രി പോലീസ് ബസ് ജീവനക്കാരെ ആദരിച്ചു.
ബസ് യാത്രക്കിടെ കൈ കാണിച്ച് നിർത്തി യാത്രക്കാരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് ആദരവ് നടത്തിയത്.
ചടങ്ങിൽ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പൊന്നാടയും മെമ്മെന്റോയും നൽകി ആദരിച്ചു.
മനുഷ്യസ്നേഹവും ഉത്തരവാദിത്വബോധവും ഉയർത്തിക്കാട്ടുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
എ.എസ്.ഐ മുഹമ്മദ് ഷംസാദ്, സി.പി.ഒ ജോബിൻ, ആശുപത്രി സെക്രട്ടറി അഡ്വ. മുഹമ്മദ് മുസ്സമിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജസ്റ്റിൻ, മാനേജർ ഫസലുദ്ധീൻ, പി.ആർ.ഒ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു.



