കോഴിക്കോട്:പാർസലുകൾ അതിവേഗം കൈമാറുന്നതിനായി കേരള പോസ്റ്റൽ സർക്കിൾ ആരംഭിച്ച പുതിയ ഡെലിവറി സംവിധാനമായ പിക്ക്-പോസ്റ്റ് എക്സ്പ്രസ് സേവനത്തിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഔപചാരിക തുടക്കമായി.
പുതിയ സംവിധാനപ്രകാരം തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ബുക്ക് ചെയ്യുന്ന പാർസലുകൾ പിറ്റേദിവസം തന്നെ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളിൽ നിന്ന് വിൻഡോ ഡെലിവറി രീതിയിൽ ലഭ്യമാകും. പോസ്റ്റ്മാന്റെ സേവനം കൂടാതെയാണ് ഉപഭോക്താക്കൾക്ക് പാർസൽ നേരിട്ട് കൈപ്പറ്റാൻ കഴിയുക.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ തപാൽ ഡിവിഷൻ സീനിയർ സൂപ്രണ്ടന്റ് വി. ശാരദ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റും പോസ്റ്റ് ഫോറം സീനിയർ അംഗവുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണിയിൽ നിന്ന് ആദ്യ പാർസൽ സ്വീകരിച്ച് സേവനം ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്കും വ്യാപാര സമൂഹത്തിനും ഏറെ പ്രയോജനകരമായ ഈ നവീന സേവനം തപാൽ വകുപ്പ് നടപ്പിലാക്കിയത് അഭിനന്ദനാർഹമാണെന്ന് സി. ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സീനിയർ പോസ്റ്റ്മാസ്റ്റർ ആർ. ഹേമലത, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് സുനിൽ കുമാർ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. സി. മനോജ് എന്നിവർ പങ്കെടുത്തു.



