കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശംസകൾ നേർന്നു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആശംസകൾ നേർന്നു. ഡമാസ്കസിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കേറ്റിൽ നിന്ന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് പരിശുദ്ധ പിതാവ് മുഖ്യമന്ത്രിയെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും അറിയിച്ചത്.


പുതിയ സർക്കാരിന്റെ പ്രാരംഭ തീരുമാനങ്ങളെയും ജനക്ഷേമ പദ്ധതികളെയും പരിശുദ്ധ ബാവ കത്തിൽ പ്രശംസിച്ചു. അവഗണിക്കപ്പെട്ടതും പിന്നാക്കം നിൽക്കുന്നതുമായ മേഖലകളിലെ ജീവനക്കാർക്ക് സഹായവും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന താൽപര്യം പ്രശംസനീയമാണെന്ന് ബാവ അഭിപ്രായപ്പെട്ടു.


മുതിർന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികളും പരിചരണ സംവിധാനങ്ങളും പ്രത്യാശജനകമാണെന്നും, ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന മാനുഷിക സമീപനം അഭിനന്ദനാർഹമാണെന്നും കത്തിൽ പരാമർശിച്ചു.


കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സഭാ തർക്കം അവസാനിപ്പിക്കാൻ പുതിയ സർക്കാരിന്റെ കാലയളവിൽ സാധിക്കുമെന്ന പ്രത്യാശ പരിശുദ്ധ പാത്രിയർക്കീസ് ബാവ പങ്കുവെച്ചു. ഈ വിഷയത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കിക്കൊണ്ട് തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയും സഹകരണവും ബാവ ഉറപ്പുനൽകി.


​കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം നൽകാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അറിയിച്ചുകൊണ്ടാണ് ബാവായുടെ കത്ത് അവസാനിച്ചത്.

 

Post a Comment

Previous Post Next Post