നടൻ സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം നടന്നത്


 പത്തനംതിട്ട :നടൻ സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം നടന്നത്.സന്തോഷ് കെ നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സന്തോഷ് ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അവർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർക്കും പരിക്കുണ്ട്. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിട്ടുനിന്ന സന്തോഷ് അടുത്തിടെ വീണ്ടും സജീവമായിരുന്നു. അവസാനമായി കൃഷ്‌ണദാസ് മുരളി ഒരുക്കിയ സൂപ്പർഹിറ്റ് ചലച്ചിത്രം മോഹിനിയാട്ടത്തില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കെ നായർ. ഹെഡ് മാസ്‌റ്ററായിരുന്ന സിഎൻ കേശവൻ നായരും അധ്യാപികയായിരുന്ന രാജലക്ഷ്‌മിയമ്മയും ആണ് മാതാപിതാക്കള്‍. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ശുഭശ്രീയും ഒരു മകളും ഉള്‍പ്പെടുന്നതാണ് കുടുംബം.

1982-ല്‍ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ നായർ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നൂറിലധികം സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. നായകനായും വില്ലനായും സഹനടനായും വിവിധ തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നാട്ടുരാജാവ്, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ചന്ദ്രോത്സവം, ദി ടൈഗർ, കാര്യസ്ഥൻ, സൗണ്ട് തോമ തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അടുത്തകാലത്തും 1921: പുഴ മുതല്‍ പുഴ വരെ, മോഹിനിയാട്ടം പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹിനിയാട്ടം തീയറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും സന്തോഷ് കെ നായർ സജീവമായിരുന്നു. സ്വപ്‌നം, ശ്രീകൃഷ്‌ണൻ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അദ്ദേഹം സജീവമായിരുന്നു. അഴിമുഖങ്ങളിലൂടെയും മറ്റ് കാര്യങ്ങളിലൂടെയും പുതുതലമുറയ്ക്കും സുപരിചിതനായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post