സമ്മാനാർഹമായ കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ പതിപ്പ് നിർമ്മിച്ച് കടയിൽ നൽകി പണം വാങ്ങി തട്ടിപ്പുനടത്തിയ കേസിലെ പ്രതികളെ വിയ്യൂർ പൊലീസ് അന്വേഷണ സംഘം പാലക്കാട് നിന്നും പിടികൂടി. പാലക്കാട് സ്വദേശികളായ കോട്ടായി മരുതറോഡ്, വൈഷ്ണവം വീട്ടിൽ വിഷ്ണുദാസ് (30), മരുതറോഡ് മണലി സ്വദേശി വിഘ്നേഷ് (28), പട്ടാണിതെരുവ് സ്വദേശി കേരകത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് . തിരൂരിൽ അക്ഷര ലോട്ടറി ഏജൻസി നടത്തിവരുന്ന പാടൂക്കാട് സ
സ്വദേശിയുടെ ഷോപ്പിൽ കാറിലെത്തിയ വിഷ്ണുദാസ് അയ്യായിരം രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ച് നൽകി പണം തട്ടിയെടുക്കുകയായിരുന്നു. ലോട്ടറിയിൽ സംശയം തോന്നിയ ഷോപ്പ് ഉടമ കാർ തടഞ്ഞുനിറുത്തി വിയ്യൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ഉടൻെ സ്ഥലത്തെത്തി പ്രതികളെ സ്റ്റേഷനിലെത്തിച്ച് അന്വേഷണം ആരംഭിച്ചു.
വിഷ്ണുദാസും മറ്റു പ്രതികളും കൂടി പാലക്കാടുള്ള മുഹമ്മദ് ഫാസിലിൻെറ വീട്ടിൽവച്ചാണ് സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ചതെന്നും കൂടാതെ ഒരു കോടി സമ്മാനതുകയുള്ള സമൃദ്ധി ലോട്ടറിയുടെ പന്ത്രണ്ട് വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിവിധ കടകളിൽ നിന്നും പണം വാങ്ങിയെന്നും പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് അന്വേഷണ സംഘം മറ്റു പ്രതികളേയും പിടികൂടുകയായിരുന്നു.അന്വേഷണത്തിൽ നിരവധി പ്രിൻ്റ് ചെയ്ത വ്യാജ ലോട്ടറികളും പ്രിൻററും പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിൻ്റെ നിർദ്ദേശത്തിൽ വിയ്യൂർ എസ് എച്ച് ഒ നിമിഷി ത്രിപാഠി ഐപിഎസിൻ്റെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ സബ്ഇൻസ്പെക്ടർമാരായ സന്തോഷ്, ശ്രിജിൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ എ വി സജീവ്, എം കെ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഭദ്രൻ, സുഭാഷ്, മനേക് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



