വിടവാങ്ങിയത് വികസനനായകനും സഭാശ്രേഷ്ഠനുമായ ജനകീയ നേതാവ് : ശ്രേഷ്ഠ ബാവ


 മുൻ മന്ത്രിയും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയുമായിരുന്ന കമാൻഡർ ബാർ ഈത്തോ ശാരീറോ ടി.യു. കുരുവിളയുടെ നിര്യാണം പൊതുസമൂഹത്തിനും പരിശുദ്ധ സഭയ്ക്കും തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


രാഷ്ട്രീയ പ്രവർത്തനത്തെ ജനസേവനത്തിനുള്ള മാർഗമായി കണ്ട അദ്ദേഹം, സൗമ്യതയും വിനയവും ദീർഘവീക്ഷണവും ഒത്തിണങ്ങിയ മാതൃകാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പദവി മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ വിവിധ ഉത്തരവാദിത്വങ്ങൾ അലങ്കരിച്ച അദ്ദേഹം, കോതമംഗലത്തിന്റെയും മലയോര മേഖലയുടെയും സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നുവെന്ന് ശേഷ്ഠ ബാവ അനുസ്മരിച്ചു.

 

ജനമനസ്സുകളെ തൊട്ടറിഞ്ഞും ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. പ്രായഭേദമന്യേ എല്ലാവരോടും സുദൃഢമായ ആത്മബന്ധം സ്ഥാപിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന അദ്ദേഹം, ഹൃദയംകൊണ്ട് സൗഹൃദം കാത്തുസൂക്ഷിച്ച ജനപ്രതിനിധിയുമായിരുന്നു.

സഭ സമാനതകളില്ലാത്ത പ്രതിസന്ധികൾ നേരിട്ട കാലഘട്ടങ്ങളിൽ, പ്രത്യേകിച്ച് വിവിധ കോടതികളിലുണ്ടായിരുന്ന സഭാ വിഷയങ്ങളിൽ, ദീർഘദർശിത്വത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ച അദ്ദേഹം സഭയുടെ അവകാശ സംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ചു. വിദ്യാഭ്യാസ രംഗത്തും സഭയുടെ വിവിധ സ്ഥാപനങ്ങളുടെ വളർച്ചയിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, നിലവിൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.


ദൈവവിശ്വാസത്തോടെയും പ്രാർത്ഥനയോടെയും മുന്നേറിയ സമർപ്പിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏതു പ്രതിസന്ധിയെയും പ്രാർത്ഥനയിലൂടെ അതിജീവിക്കാമെന്ന വിശ്വാസം അദ്ദേഹം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. യാക്കോബായ സുറിയാനി സഭയോടുള്ള അചഞ്ചലമായ വിശ്വാസവും കടപ്പാടും എന്നും പുലർത്തിയ അദ്ദേഹം, അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ആത്മബന്ധവും വിധേയത്വവും ജീവിതാവസാനംവരെ നിലനിർത്തിയിരുന്നുവെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.


സഭാ ശുശ്രൂഷയും സഭയ്ക്ക് നൽകിയ സംഭാവനകളും പരിഗണിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ അദ്ദേഹത്തിന് ഷെവലിയർ, കമാൻഡർ, ബാർ ഈത്തോ ശാരീറോ എന്നീ ഉന്നത ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയിൽ നിന്ന് കന്തീല ശുശ്രൂഷ സ്വീകരിച്ചത് അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തിന്റെയും സഭാസമർപ്പണത്തിന്റെയും നേർസാക്ഷ്യമാണെന്നും ബാവ കൂട്ടിച്ചേർത്തു.


“വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ടതും ഞാൻ ആഴത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്നോടും പരിശുദ്ധ സഭയോടും അദ്ദേഹം കാത്തുസൂക്ഷിച്ച സ്നേഹവും കരുതലും ഒരിക്കലും വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിനുള്ള നഷ്ടം മാത്രമല്ല, വ്യക്തിപരമായി എനിക്കു നികത്താനാകാത്ത വലിയൊരു വേദന കൂടിയാണ്,” ശ്രേഷ്ഠ ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ‘കുരൂളാൻ ചേട്ടന്റെ’ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർത്ഥിക്കുന്നതായും സഭയുടെയും സഭാ സമിതികളുടെയും അനുശോചനം രേഖപ്പെടുത്തുന്നതായും ശ്രേഷ്ഠ ബാവ അറിയിച്ചു.

Post a Comment

Previous Post Next Post