ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ലഭിക്കാനുള്ള സമയം നീട്ടി. ഉത്തരക്കടലാസ് നാളെ അർധ രാത്രി വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. സി ബി എസ് ഇയുടെ വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഒരു ദിവസം കൂടി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചത്.നേരത്തെ, സി ബി എസ് ഇയുടെ വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐ.ഐ.ടി മദ്രാസിലെ പ്രൊഫസർമാർ ഉൾപ്പെടുന്ന പ്രത്യേക വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കുന്നതിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായി വിവിധ ബാങ്കുകളോടും കേന്ദ്ര സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്
വെബ്‌സൈറ്റിലെ പിഴവുകളെക്കുറിച്ചും വിദ്യാർഥികളുടെ വ്യാപകമായ പരാതികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ സി ബി എസ് ഇയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആവശ്യപെട്ടിട്ടുണ്ട്. പോർട്ടൽ കൈകാര്യം ചെയ്യുന്ന ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.



