സെന്‍സസ് 2027 സെല്‍ഫ് എന്യുമറേഷന്‍ കുന്നംകുളം നഗരസഭയില്‍ തുടക്കമായി


 രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള 'സെൽഫ് എന്യൂമറേഷൻ' പ്രവർത്തനങ്ങൾക്ക് കുന്നംകുളം നഗരസഭയിൽ തുടക്കമായി. പ്രശസ്ത ചലച്ചിത്ര താരവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ തന്റെ കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നിർവ്വഹിച്ചു.

പൊതുജനങ്ങൾക്ക് തങ്ങളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ സ്വന്തമായി സെൻസസ് പോർട്ടലിൽ രേഖപ്പെടുത്താനുള്ള സൗകര്യമാണ് സെൽഫ് എന്യൂമറേഷൻ. 2026 ജൂലൈ 1 മുതൽ 30 വരെയാണ് സെൻസസ് നടപടികൾ നടക്കുന്നത്. ഇതിന് മുന്നോടിയായി 2026 ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ അവസരമുണ്ട്.

സ്മാർട്ട് ഫോൺ ഉപയോഗിച്ച് (http://se.census.gov.in) എന്ന പോർട്ടൽ സന്ദർശിക്കുക. മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. നിർദ്ദേശങ്ങൾ പാലിച്ച് ലളിതമായി വിവരങ്ങൾ രേഖപ്പെടുത്താം. വിവരങ്ങൾ പൂർണ്ണമായി സമർപ്പിച്ചു കഴിയുമ്പോൾ ഒരു സെൽഫ് എന്യൂമറേഷൻ ഐ.ഡി ലഭിക്കും.

പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ (എന്യൂമറേറ്റർമാർ) വീടുകളിൽ എത്തുമ്പോൾ ഈ ഐ.ഡി കൈമാറിയാൽ സെൻസസ് നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കാം.

നഗരസഭാ പരിധിയിലെ പരമാവധി ആളുകൾ ഈ ഡിജിറ്റൽ സൗകര്യം പ്രയോജനപ്പെടുത്തി സെൻസസ് പ്രക്രിയയിൽ സജീവമായി പങ്കാളികളാകണമെന്ന് കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അഭ്യർത്ഥിച്ചു.

ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ സെൻസസ് കോർഡിനേറ്റർ സുജാമണി, മുനിസിപ്പൽ സെൻസസ് നോഡൽ ഓഫീസർ പ്രമോദ് ശേഖർ, ടെക്നിക്കൽ അസിസ്റ്റന്റ് ശരത്, ബെറ്റ്സി, എന്നിവർ പങ്കെടുത്തു. വഴിമാറുന്ന സെൻസസ് രീതികളോട് സഹകരിച്ച് നഗരസഭയെ മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post