✍️ റിപ്പോർട്ട്:എ.സി ഗീവർ ചാലിശ്ശേരി
ചാലിശ്ശേരി:കർണാടക സംഗീതത്തിന്റെ പരമ്പരാഗത ചാരുതയും ലോകസംഗീതത്തിന്റെ ആധുനിക സാധ്യതകളും സമന്വയിപ്പിച്ച് അന്താരാഷ്ട്ര സംഗീതലോകത്ത് സ്വന്തം ഇടം നേടിയ സംഗീതജ്ഞൻ ചാലിശ്ശേരി സ്വദേശി ഡോ. പി.വി. ബോസ്.
ഗായകൻ, സംഗീതജ്ഞൻ, ഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ചാലിശ്ശേരി പുലിക്കോട്ടിൽ വർഗീസ്–തങ്കമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനായാണ് ഡോ. പി.വി. ബോസിന്റെ ജനനം. പിതാവ് വർഗീസ് പഴഞ്ഞി പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ്മാസ്റ്ററായും മാതാവ് തങ്കമ്മ പെരുമണ്ണൂർ ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു.
വിദ്യാഭ്യാസത്തിനും കലാസാംസ്കാരിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകിയ കുടുംബാന്തരീക്ഷമാണ് ബാല്യത്തിൽ തന്നെ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തിന് അടിത്തറയിട്ടു.
ചാലിശ്ശേരി എൽ.പി. സ്കൂളിലും, ഗവൺമെന്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബോസ്, പഠനകാലത്തുതന്നെ സംഗീതരംഗത്ത് മികവ് തെളിയിച്ചു.
സ്കൂൾ-ജില്ലാതല സംഗീത മത്സരങ്ങളിൽ സ്ഥിരമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
തുടർന്ന് പഴഞ്ഞി എം.ഡി. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചിൽ കൊമേഴ്സ് വിദ്യാർത്ഥിയായി ചേർന്നു.
ഈ കാലഘട്ടത്തിലാണ് കുന്നംകുളം തെക്കേക്കര ഡേവീഡ് ഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ അവസരം ലഭിച്ചത്. ആ പരിശീലനമാണ് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ നിർണായക വഴിത്തിരിവായത്.
പിന്നീട് പത്മശ്രീ ജേതാവ് ലീല ഓംചേരി, സംഗീത ആചാര്യൻ പ്രൊഫ. സുബ്രഹ്മണ്യം, പത്മവിഭൂഷൺ ജേതാവ് പ്രൊഫ. ടി.എൻ. കൃഷ്ണൻ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
തൃശ്ശൂർ ചിന്മയ കോളേജിലും തുടർന്ന് പാലക്കാട്ടെ ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിലും കർണാടക സംഗീത പഠനം നടത്തി. ചെമ്പൈ കോളേജിലെ ആകെ 17 സീറ്റുകളിൽ ഒന്നിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയത് അദ്ദേഹത്തിന്റെ സംഗീതപ്രതിഭയ്ക്ക് ലഭിച്ച ആദ്യകാല അംഗീകാരങ്ങളിലൊന്നായിരുന്നു.
1985-ൽ മധ്യപ്രദേശിലെ ഖൈരാഗഢിലുള്ള ഇന്ത്യയിലെ ആദ്യ സംഗീത സർവകലാശാലയായ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയയിൽ ചേർന്ന് ഹിന്ദുസ്ഥാനി, കർണാടക സംഗീതങ്ങളിൽ ബി.എ. (ഓണേഴ്സ്) ബിരുദം നേടി. തുടർന്ന് ഡൽഹി സർവകലാശാലയിൽ നിന്ന് എം.എ. മ്യൂസിക്, എം.ഫിൽ., പി.എച്ച്.ഡി. ഇൻ മ്യൂസിക് ബിരുദങ്ങൾ ഫസ്റ്റ് ക്ലാസോടെ കരസ്ഥമാക്കി.
സംഗീതപഠനത്തിനും ഗവേഷണത്തിനുമായി ഏകദേശം എട്ട് വർഷം ഡൽഹിയിൽ ചെലവഴിച്ചു.
ഈ കാലയളവിൽ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സൂര്യചേതന തിയേറ്ററിനായി പട്ടാമ്പിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ രണ്ട് ഗാനങ്ങൾ ആലപിച്ചു.
1993-ൽ ഭോപ്പാലിലെ നവചേതന ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായും 1995-ൽ ഫാ. ആബേലിന്റെ നിർദേശപ്രകാരം എറണാകുളത്തെ കൊച്ചിൻ കലാഭവനിൽ സംഗീത അധ്യാപകനായും പ്രവർത്തിച്ചു.
1995 മുതൽ രണ്ട് വർഷം എറണാകുളം ചിന്മയ കോളേജിലെ സംഗീതവിഭാഗത്തിൽ ഔദ്യോഗികമായി പ്രൊഫസറായി ആദ്യമായി ചുമതലയേറ്റു
പീന്നിടാണ് പുതുച്ചേരി സർക്കാരിന്റെ സംഗീത-ഫൈൻ ആർട്സ് കോളേജിൽ അധ്യാപകനായി ചേർന്നു ഇപ്പോൾ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയാണ്. അക്കാദമിക രംഗത്ത് സജീവമായി തുടരുകയാണ്
നിലവിൽ പുതുച്ചേരിയിലെ ഭാരതിയാർ സെന്റർ ഫോർ പെർഫോമിംഗ് ആൻഡ് ഫൈൻ ആർട്സിൽ സീനിയർ ഫാക്കൽറ്റി അംഗവുമാണ്.
എട്ടാം വയസ്സിൽ ആരംഭിച്ച സംഗീതയാത്ര ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ വേദികളിലേക്ക് അദ്ദേഹത്തെ എത്തിച്ചു.
സരോദ് കലാകാരന്മാരുമായും , ഹിന്ദുസ്ഥാനി ധ്രുപദ് സംഗീതജ്ഞരുമായും നടത്തിയ ജുഗൽബന്ദി അവതരണങ്ങൾ സംഗീതാസ്വാദകരുടെ പ്രശംസ നേടി.
തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം സിനിമകളിൽ പിന്നണി ഗായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ ആദ്യ ഓഡിയോ ആൽബത്തിൽ ഉണ്ണി മേനോനും രാധിക തിലകിനൊപ്പം ശബ്ദം നൽകിയ ബോസ് പിന്നീട് നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കി ശ്രദ്ധ നേടി
പഞ്ചകം ഇൻ ഇന്ത്യൻ മ്യൂസിക് , നാദ സൗണ്ട് ഓഫ് സൈലൻസ്” എന്നീ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം സംഗീത ഗവേഷണരംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകി .
അദ്ദേഹത്തിന്റെ സംഗീത ഹ്രസ്വചിത്രമായ കരുണ ചെയ്യ്വാൻ അമേരിക്കയിൽ നടന്ന അവലോണിയ ഫെസ്റ്റിവലിൽ പുരസ്കാരം നേടി.
സംഗീതരംഗത്ത് നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2019-ൽ ഗ്ലോബൽ മ്യൂസിക് അവാർഡിൽ സിൽവർ മെഡൽ നേടിയ അദ്ദേഹം 2024-ലെ ഇന്റർകോണ്ടിനെന്റൽ മ്യൂസിക് അവാർഡ്സിൽ ബെസ്റ്റ് ഓഫ് ഏഷ്യപുരസ്കാരം അദ്ദേഹത്തിൻ്റെ സംഗീത മികവിന് ലഭിച്ച അന്താരഷ്ട്ര അംഗീകാരമായി
ഡെന്റൽ സർജനായ ഡോ. അജ്ഞലി ബോസാണ് സഹധർമിണി.
ഏകമകൾ
അഭിരാമിബോസ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിങ്ങിൽ പി.ജി.പഠനത്തിനുശേഷംചലച്ചിത്രരംഗത്തേക്ക് എത്തി
ഹിന്ദി, മറാത്തി, തമിഴ് സിനിമകളിൽ അഭിനയിച്ച അഭിരാമി, 2023-ൽ പുറത്തിറങ്ങിയ ഫീനിക്സ് ചിത്രത്തിൽ നായികയായി മലയാളി പ്രോക്ഷകരുടെശ്രദ്ധ നേടിയിരുന്നു.
ചാലിശ്ശേരിയുടെ മണ്ണിൽ നിന്ന് ലോകസംഗീത വേദികളിലേക്ക് ഉയർന്ന ഡോ. പി.വി. ബോസിൻ്റെ ജീവിതം പ്രതിഭയും അധ്വാനവും സമർപ്പണവും ചേർന്ന സംഗീതയാത്ര ലോക വേദിയിൽ ഭാഷകൾക്ക് അതീതമായി തെളിഞ്ഞ് നിൽക്കുകയാണ്



