എ.സി. ഗീവർചാലിശ്ശേരി
ചാലിശ്ശേരി : പോലീസ് സേനയിലെ 28 വർഷത്തെ മാതൃകാപരമായ സേവനത്തിന് ശേഷം ചാലിശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ. ജ്യോതിപ്രകാശ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഞായറാഴ്ച വിരമിച്ചു.
സ്വന്തം നാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി ജനങ്ങളുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി സമർപ്പിച്ച ജീവിതത്തിന്റെ അഭിമാനകരമായ ഒരു അധ്യായമാണ് ഇതോടെ പൂർത്തിയായത്.
തൃത്താല മാർഗശ്ശേരികളത്തിൽ അച്ചുതപ്പണിക്കരുടെയും ചാലിശ്ശേരി കവുക്കോട് നൂറാംപറമ്പിൽ തങ്കത്തിന്റെയും മൂത്തമകനായ ജ്യോതിപ്രകാശ് ചാലിശ്ശേരിയുടെ മണ്ണിൽ വളർന്ന് ജീവിതത്തിന്റെ ആദ്യപാഠങ്ങൾ നേടി.
ജി.എൽ.പി. സ്കൂളിലും , S C U P സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹൈസ്കൂൾ പഠനം പെരിങ്ങോട് ആയിരുന്നു
തുടർന്ന് കോസ്റ്റിംഗ് ആൻഡ് കോ-ഓപ്പറേഷനിൽ ബി.കോം ബിരുദം നേടി. ബാങ്കിൽ ജോലിയാണ് ആഗ്രഹിച്ചിരുന്നെങ്കിലും അച്ചൻ്റെ ഇഷ്‌ടപ്രകാരം പോലീസ് ടെസ്റ്റ് എഴുതി പാസ്സായാണ് സേനയിൽ എത്തിയത്
1998-ൽ നിലമ്പൂരിൽ പോലീസ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം ജനസേവനമെന്ന ലക്ഷ്യവുമായി പോലീസ് സേനയുടെ ഭാഗമായി.
പട്ടാമ്പി, തൃത്താല, ഷൊർണൂർ, അഗളി, മണ്ണാർക്കാട്, ചാലിശ്ശേരി, തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു.
സ്റ്റേഷൻ റൈറ്റർ, ഇൻവെസ്റ്റിഗേഷൻ ഓഫീസർ, കോർട്ട് ഡ്യൂട്ടി, പ്രോസസ് ഡ്യൂട്ടി, ക്രൈം സ്ക്വാഡ്, ഡ്രൈവർ ഡ്യൂട്ടി, പി.ആർ.ഒ. ഡ്യൂട്ടി, ജനമൈത്രി പ്രവർത്തനങ്ങൾ തുടങ്ങി പോലീസ് വകുപ്പിലെ വിവിധ മേഖലകളിലുള്ള മിക്കവാറും എല്ലാ ചുമതലകളും തന്റെ 28 വർഷത്തെ സേവനകാലയളവിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് ഇദ്ദേഹം കരുതുന്നത്.
ഷൊർണൂർ ഡി.വൈ.എസ്.പി. ഓഫീസിലെ സേവനകാലം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ശ്രദ്ധേയമായ ഘട്ടങ്ങളിലൊന്നായിരുന്നു. വിവിധ സ്റ്റേഷനുകളിലെ കേസന്വേഷണങ്ങളിൽ സംഭവിക്കാവുന്ന പിഴവുകൾ കണ്ടെത്തി തിരുത്തുന്നതിനും അന്വേഷണങ്ങൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി നൽകിയ നിർദേശങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.
സേവനകാലയളവിൽ ലഭിച്ച ഒൻപതോളം ഗുഡ് സർവീസ് എൻട്രികൾ അദ്ദേഹത്തിന്റെ ആത്മാർഥതയ്ക്കും കർത്തവ്യനിർവഹണ മികവിനും ലഭിച്ച അംഗീകാരങ്ങളായി.
ഡ്യൂട്ടിയിൽ കർശനമായ ഗൗരവം പുലർത്തിയിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ എല്ലാവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന വ്യക്തിത്വമായിരുന്നു ജ്യോതിപ്രകാശിന്റേത്.
തിരക്കേറിയ സേവനജീവിതത്തിനിടയിലും വിശാലമായ സൗഹൃദ വലയം കാത്തുസൂക്ഷിച്ച അദ്ദേഹം സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു.
സേവനത്തിന്റെ തിരക്കുകൾക്കിടയിലും ഫുട്ബോൾ, കൃഷി, വായന , എന്നിവയോടുള്ള ഇഷ്ടം കൈവിടാതെ സൂക്ഷിക്കുന്നുണ്ട്.
സാഹിത്യത്തിൽ എം.ടി. വാസുദേവൻ നായരുടെ നോവലുകളാണ് ഏറെ പ്രിയം. കൃഷിയോടുള്ള താൽപര്യവും ഇന്നും ജീവിതത്തിന്റെ ഭാഗമായി തുടരുകയാണ്
കെ.എസ്.ആർ.ടി.സിയിൽ സൂപ്രണ്ടായിരുന്ന പിതാവിൽ നിന്ന് ലഭിച്ച അച്ചടക്കവും ഉത്തരവാദിത്തബോധവുമാണ് തന്റെ ജീവിതയാത്രയിലെ ഏറ്റവും വലിയ വഴികാട്ടിയെന്ന് അദ്ദേഹം പറയുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ ഒരു അധ്യായം അവസാനിക്കുമ്പോൾ ജനസേവനത്തിന്റെയും കർത്തവ്യനിഷ്ഠയുടെയും 28 വർഷത്തെ സുവർണസ്മരണകളുമായാണ് സബ് ഇൻസ്പെക്ടർ എൻ. ജ്യോതിപ്രകാശ് കാക്കി യൂണിഫോമിനോട് വിടപറയുന്നത്.
ഇതിനോടകം ഗ്രാമവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ലഭിച്ച ആദരവുകൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളുടെ തെളിവായി മാറി.
ഏറ്റവും സന്തോഷത്തോടെ ഡ്യൂട്ടി ചെയ്തതും, സ്വന്തം സ്റ്റേഷനിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഇദ്ദേഹം കരുതുന്നു.
2026 മെയ് 31-ന് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എസ്.എച്ച്.ഒ. എം.എൻ. ബിജോയ് ബൊക്ക നൽകി അദ്ദേഹത്തെ വീട്ടിലേക്ക് ആനയിച്ചു.
വീട്ടിലെത്തിയപ്പോൾ ജ്യോതിപ്രകാശ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
തുടർന്ന് നടന്ന സ്‌നേഹവിരുന്നിൽ തൃത്താല MLA വി.ടി. ബൽറാം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പഞ്ചായത്ത് അംഗം എ. വിജയൻ, ചാലിശ്ശേരി, തൃത്താല, പട്ടാമ്പി, ഷൊർണൂർ ഡി.വൈ.എസ്.പി. ഓഫീസ്, റെയിൽവേ പോലീസ്, ഹൈവേ പോലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, നാട്ടുകാർ, ജാഗ്രത സമിതി അംഗങ്ങൾ , രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
ജനസുരക്ഷയ്ക്കായി 28 വർഷം സമർപ്പിച്ച ഈ കർത്തവ്യനിഷ്ഠനായ ഉദ്യോഗസ്ഥന് വിരമിക്കൽ ജീവിതവും സേവനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ അധ്യായമാകട്ടെയെന്നാണ് നാട്ടുകാരും സഹപ്രവർത്തകരുംയആശംസിച്ചു
ഈശ്വരഭക്തനായ ജ്യോതിപ്രകാശ് വിരമിച്ച ശേഷവും സാമൂഹിക-ആത്മീയ രംഗങ്ങളിൽ സജീവമാകുകയാണ്. ചാലിശ്ശേരി കവുക്കോട് കുളത്താണി വിഷ്ണുശാസ്താ ക്ഷേത്രത്തിന്റെ രക്ഷാധികാരിയായി അദ്ദേഹം ജൂൺ 6 മുതൽ പ്രവർത്തനം തുടരും
നിയമം നമ്മുടെ സംരക്ഷണത്തിനായുള്ളതാണെന്നും അതിനെ പേടിക്കേണ്ടതില്ല ..... എന്നാൽ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും , കൂടാതെ മയക്കുമരുന്നിനെതിരെ പുതുതലമുറ ശക്തമായി നിലകൊള്ളണമെന്നും യുവാക്കൾ ജാഗ്രത പുലർത്തണമെന്ന സന്ദേശവും അദ്ദേഹം സമൂഹത്തിന് നൽകി
അമ്മ തങ്കയോടൊപ്പമാണ് താമസം. ശ്രീലയാണ് സഹധർമ്മിണി. ബി.ടെക് ബിരുദധാരി കിരൺ , കമ്പനി സെക്രട്ടറിഷിപ്പ് പഠനം തുടരുന്ന മിഥുൻ എന്നിവരാണ് മക്കൾ
✍️ റിപ്പോർട്ട്
എ.സി. ഗീവർചാലിശ്ശേരി



