കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു. എല്ലാ പ്രതീക്ഷയും കിലിയൻ എംബാപ്പെ എന്ന അപകടകാരിയായ ഫ്രഞ്ച് സ്ട്രൈക്കറിലാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്ക്ക് മുന്നിൽ കിരീടം കൈവിട്ട ഫ്രാൻസ്, ഇത്തവണ വരുന്നത് ടൂർണമെൻ്റിലെ ഏറ്റവും അപകടകാരിയുമായ വൻപടയുമായാണ്. ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഫ്രാൻസിന്റെ എതിരാളികൾ. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.
ഒരുപോലെ കരുത്തുറ്റ മുന്നേറ്റ നിരയും മധ്യനിരയും പ്രതിരോധ നിരയുമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനൽ കളിച്ച ടീമാണ് ഫ്രാൻസ്. 2018ൽ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് കിരീടം നേടിയ ഫ്രാൻസ് 2022ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പൊരുതി തോറ്റു.
ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയൻ’ ന് നല്‍കിയ അഭിമുഖത്തിൽ 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് കിലിയൻ എംബാപ്പെ പ്രതികരിച്ചിരുന്നു. 2022ലെ ലോകകപ്പിലെ തോൽവി നൽകിയ മാനസിക വിഷമം കാരണം 2022-ലെ ആ ഇതിഹാസ ഫൈനൽ മത്സരം താൻ ഇതുവരെ മുഴുവനായി വീണ്ടും കണ്ടിട്ടില്ലെന്നും, അത് പഴയ വൈകാരിക മുറിവുകൾ വീണ്ടും ഓർമ്മിപ്പിക്കുമെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.



