നിളയുടെ തീരത്തെ കാർഷിക പാരമ്പര്യം ചർച്ചയായി


 ആറങ്ങോട്ടുകര:അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജിലെ പത്മശ്രീ പി.ആർ. കൃഷ്ണകുമാർ പൈതൃക വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘവും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയും സഹകരിച്ച് നടപ്പാക്കുന്ന നിളയുടെ നാട്ടുവഴികൾ പദ്ധതിയുടെ ഭാഗമായി ആറങ്ങോട്ടുകര കൃഷി പാഠശാലയിൽ നിളയുടെ തീരത്തെ കാർഷിക പാരമ്പര്യംഎന്ന വിഷയത്തിൽ അവതരണവും ചർച്ചയും സംഘടിപ്പിച്ചു.


പ്രസിദ്ധ ചരിത്രകാരൻ ഡോ. രാജേന്ദു ആമുഖപ്രഭാഷണം നടത്തി. നെടുങ്ങനാട്, വള്ളുവനാട് രാജ്യവംശങ്ങളെയും നദീതടങ്ങളുടെ ജനജീവിത ചരിത്രത്തെയും അദ്ദേഹം വിശദീകരിച്ചു.


കൃഷി വകുപ്പ് മുൻ ഡയറക്ടർ രുഗ്മിണി ആർ നിളാതടങ്ങളുടെ കാർഷിക പാരമ്പര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ചോലകളുടെയും പോഷക നദികളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം, ഏരികളിലൂടെ ജലസംഭരണവും വിതരണവും അടിസ്ഥാനമാക്കിയ പാരമ്പര്യ കാർഷിക രീതികൾ, ഭൂമിശാസ്ത്രത്തിന് അനുസൃതമായ കൃഷിരീതികൾ എന്നിവ അവർ വിശദീകരിച്ചു.


നാട്ടറിവ് ഗവേഷകൻ സി. രാജഗോപാലൻ പള്ളിപ്പുറം, നാടക-സാമൂഹിക പ്രവർത്തക ശ്രീജ കെ.വി., അഷ്ടാംഗം സെക്രട്ടറി ഉണ്ണി മാങ്ങാട്, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പ്രതിനിധി വിനോദ് നമ്പ്യാർ എന്നിവർ സംസാരിച്ചു.


നദീതടങ്ങളും ജലസ്രോതസുകളും സംരക്ഷിച്ച് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന കാർഷിക സംസ്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകത പരിപാടി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post