സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം


 രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്‌മാവ് വർദ്ധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതിലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ 16 മുതൽ തിരികെ നല്കാമെന്ന കരാറിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകൾക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും രാജ്യത്തെ എൽനിനോ വൈദ്യുതി പ്രതിസന്ധി കാരണം വിജയിച്ചില്ല.


സംസ്ഥാനത്ത് ജൂൺ 1ന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിൻ്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുമ്പോഴും മേൽപ്പറഞ്ഞ കാരണങ്ങളാൽ ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തിൽ 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാൽ ജൂൺ 16ന് രാത്രി 9 നും 12നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട് കെഎസ്ഇബി വ്യക്തമാക്കി.


സാഹചര്യം വിലയിരുത്തുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പവർ സെക്രട്ടറിയും കെ എസ് ഇ ബി ചെയർമാനുമായ ഡോ. എം ജി രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം വൈദ്യുതി ശൃംഖലയുടെ സുസ്ഥിരത നഷ്ടപ്പെടാതിരിക്കുന്നത് ലക്ഷ്യമിട്ട് ആവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കെ എസ് ഇ ബിക്ക് യോഗം അനുമതി നൽകി.

Post a Comment

Previous Post Next Post