ചരിത്രത്തിലാദ്യമായി കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ. നോക്കൗട്ടിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഇഞ്ചുറി ടൈമിൽ സ്റ്റെഫാൻ എസ്റ്റാക്യോയാണ് വിജയഗോൾ നേടിയത്.ലോസ് ആഞ്ചലസിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ മിനിറ്റ് മുതൽ കണ്ടത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ പന്തടക്കത്തിൽ ദക്ഷിണാഫ്രിക്ക മുന്നിട്ടുനിന്നപ്പോൾ, മികച്ച മുന്നേറ്റങ്ങളുമായി കാനഡ പലതവണ ദക്ഷിണാഫ്രിക്കൻ ഗോൾമുഖം വിറപ്പിച്ചു.
34-കാരനായ ക്യാപ്റ്റൻ റോൺവെൻ വില്യംസിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധം കോട്ട കെട്ടി നിന്നപ്പോൾ കാനഡയുടെ പല സുവർണ്ണ അവസരങ്ങളും പാഴായി. കനേഡിയൻ സ്ട്രൈക്കർമാരുടെ ഏഴോളം ഉറച്ച ഗോൾശ്രമങ്ങളാണ് വില്യംസ് അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞിട്ടത്. മത്സരത്തിൻ്റെ 75-ാം മിനിറ്റിൽ സൂപ്പർ താരം അൽഫോൺസോ ഡേവിസ് പകരക്കാരനായി കളത്തിലിറങ്ങിയതോടെ കനേഡിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 92-ാം മിനിറ്റിൽ വിജയഗോൾ പിറന്നത്. ബോക്സിന് തൊട്ടുപുറത്തുനിന്നും ലഭിച്ച പന്ത് മനോഹരമായ ഒരു വോളിയിലൂടെ മിഡ്‌ഫീൽഡ് താരം സ്റ്റെഫാൻ എസ്റ്റാക്യോ ദക്ഷിണാഫ്രിക്കൻ വലയിലെത്തിച്ചു.
ഒരു ഗോളിന്റെ ബലത്തോടെ ചരിത്രത്തിലാദ്യമായി കാനഡ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. നെതർലൻഡ്‌സ് - മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ പ്രീക്വാർട്ടറിൽ നേരിടുക.


