എസ്എസ്എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ചേക്കോട് വാദി മഹബയിൽ നടന്ന ഉദ്ഘാടന വേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ തൃത്താലയിലെ മഹാന്മാരുടെ ജീവിതവും പ്രവർത്തനങ്ങളും കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്ന പദ്ധതികൾക്ക് സർക്കാർ, സാംസ്‌കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വൈജ്ഞാനിക ഇടപെടലുകൾക്ക് തൃത്താല നൽകിയ സംഭാവനകൾ കാലത്തിന്റെ തിരശ്ശീലയിൽ മറഞ്ഞുപോകാതെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സമ്മേളന വേദിയിൽ എസ്.എസ്.എഫ് തൃത്താല ഡിവിഷൻ ഭാരവാഹികൾ പ്രമേയം തൃത്താല എംഎൽഎ വി.ടി ബലറാമിന് കൈമാറി. സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം, ചരിത്രപഠനം എന്നീ മേഖലകളിൽ തൃത്താലയുടെ സംഭാവനകൾ കൂടുതൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തിൽ പങ്കെടുത്തവർ ചർച്ച ചെയ്തു.



