സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 3160 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇന്നല പവന് 1000 രൂപയ്ക്ക് മേൽ വർധനയുണ്ടായതിന് ശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. തുടർച്ചയായ 12 ദിവസത്തെ ഇടിവിന് ശേഷമായിരുന്നു ഇന്നലെ സ്വർണവില ഉയർന്നിരുന്നത്.
ഇന്നത്തെ വിലയിടിവോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,645 രൂപയായി. പവന് 1,09,160 രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം പവന് ആയിരത്തിലേറെ രൂപയുടെ വമ്പൻ ഇടിവുകളും വമ്പൻ വർധനയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രേഖപ്പെടുത്തി പൊന്ന് വലിയ രീതിയിൽ ചാഞ്ചാടുന്നത് പതിവാകുകയാണ്. സ്വർണത്തിന്റെ മൊത്തവ്യാപാരത്തിൻ്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളിൽ വർധനവുണ്ടായത് അടക്കം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.



