ബോസ്റ്റൺ: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഹെയ്തിയെ ഒറ്റ ഗോളിൽ വീഴ്ത്തി സ്കോട്ലൻഡ് വിജയ തുടക്കമിട്ടു. ജയത്തോടെ ബ്രസീലും മൊറോക്കോയും ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ സ്കോട്ലൻഡ് ഒന്നാമതെത്തുകയും ചെയ്തു. ഗ്രൂപ്പിലെ ആദ്യ പോരിൽ ബ്രസീലും മൊറോക്കോയും 1-1നു സമനിലയിൽ പിരിഞ്ഞിരുന്നു.
28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്കോട്ലൻഡ് ലോകകപ്പ് കളിക്കുന്നത്. 1998ലാണ് സ്കോട്ലൻഡ് അവസാനമായി ലോകകപ്പ് കളിച്ചത്. 1990നു ശേഷം ആദ്യമായാണ് സ്കോട്ലൻഡ് ഒരു ലോകകപ്പ് മത്സരം ജയിക്കുന്നത്. ഹെയ്തിയാകട്ടെ 52 വർഷത്തിനു ശേഷവും. പക്ഷേ ആദ്യ ജയത്തിനു അവർ ഇനിയും കാത്തിരിക്കണം.
കളിയുടെ 28ാം മിനിറ്റിലാണ് സ്കോട്ലൻഡ് വിജയ ഗോൾ വലയിലിട്ടത്. ജോൺ മക്ഗിനാണ് ഗോൾ നേടിയത്.തുടക്കം മുതൽ സ്കോട്ലൻഡ് ആക്രമിച്ചു കളിച്ചു. കളി മൊത്തത്തിൽ ഇരു ഭാഗത്തും നിന്നു. പന്തടക്കത്തിൽ തുല്യത പാലിച്ച ഇരു ടീമുകളും പാസിങിലും ഏതാണ്ട് സമാന സ്റ്റാറ്റ്സിൽ തന്നെയാണ്. ആക്രമണങ്ങൾ കൂടുതൽ സ്കോട്ലൻഡിന്റെ ഭാഗത്തു നിന്നായിരുന്നു. ഓൺ ടാർജറ്റ് തുല്ല്യതയിൽ നിന്നു. സ്കോട്ലൻഡ് തുടക്കം മുതൽ ആക്രമിച്ചെങ്കിൽ ഹെയ്തിയുടെ മറുപടി കൗണ്ടർ അറ്റാക്കുകളായിരുന്നു. സ്കോട് മക്ടോമിനയ് ഒരു പവർഫുൾ ഷോട്ട് തൊടുത്തത് പോസ്റ്റിൽ തട്ടി തെറിച്ചു. അതിനിടെ ഹെയ്തി താരം വിൽസൺ ഇസിഡോർ ബോക്സിൽ വീണെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
ആക്രമണത്തിനൊടുവിൽ സ്കോട്ടിഷ് പട ലീഡെടുത്തു. 28ാം മിനിറ്റിൽ വിങർ ബെൻ ഗാനൻ ഡോക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരം നൽകിയ ക്രോസ് ചേ ആദംസ് വല ലക്ഷ്യമിട്ട് തിരിച്ചു വിട്ടെങ്കിലും ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ‍് തടുത്തു. റീബൗണ്ടായി വന്ന പന്ത് പക്ഷേ ജോൺ മക്ഗിൻ സുരക്ഷിതമായി വലയിലാക്കി. സമനിലയ്ക്കായി ഹെയ്തി കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സ്കോട്ലൻഡ് പ്രതിരോധം കടുകട്ടിയാക്കി എല്ലാ ശ്രമങ്ങളേയും നിഷ്ഫലമാക്കി.രണ്ടാം പകുതിയിലും സ്കോട്ടിഷ് സംഘം വൻ മതിൽ പണിത് നിന്നു. കളി അവസാന മിനിറ്റുകളിലേക്ക് പ്രവേശിച്ച ഘട്ടത്തിൽ ഹെയ്തി ഗോളിനടുത്തെത്തിയെന്നു വരെ തോന്നിപ്പിച്ചു. 84ാം മിനിറ്റിൽ ഫ്രാന്റസ്ഡി പിയററ്റിനു കിട്ടിയ ഹെഡ്ഡർ താരത്തിനു മുതലെടുക്കാൻ സാധിച്ചില്ല. ഷോട്ട് പുറത്തേക്ക് പോയി. അവസാന ഘട്ടത്തിൽ റൂബൻ പ്രൊവിഡൻസ് ഷോട്ടുകൾ ഉതിർത്തെങ്കിലും സ്കോട്ടിഷ് പ്രതിരോധത്തിൽ തട്ടി നിന്നു



