നാഗലശ്ശേരി: ഓണക്കാലത്ത് പൂക്കളങ്ങൾക്ക് വർണപ്പകിട്ടേകാൻ ലക്ഷ്യമിട്ട് ഐ എഫ് സി നാഗലശ്ശേരി കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ഭാഗമായി 17-ാം വാർഡിലെ കോതച്ചിറയിൽ അര ഏക്കറിലധികം സ്ഥലത്ത് ഒരുക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ ഭാഗമായി സംഘടിപ്പിച്ച ഓണക്കനി നിറപ്പൊലിമ നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ കെ.പി. സുലൈഖ, മോഹനൻ വെളിയംതടം, ലിബിൻ, വത്സല, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. ഷാജ്, ആയുർവേദ ഡോക്ടർ നിസാനത്ത്, സീനിയർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ബിനി കെ.പി., ആങ്കർ മിനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ നീതു എന്നിവർ സംസാരിച്ചു.
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഓണവിപണിയെ ലക്ഷ്യമിട്ട് നടത്തുന്ന ചെണ്ടുമല്ലി കൃഷി കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനൊപ്പം നാട്ടിലെ പൂക്കളങ്ങൾക്ക് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കാനും സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.



