തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പത്തുലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ചു ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ എട്ടു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
ഇതില്‍ പത്തുമുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയില്‍ മാറ്റം ഉണ്ടാവില്ല. അഞ്ചു ശതമാനമായി തന്നെ തുടരും. അതേസമയം 40 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കും. മറ്റു നികുതി നിരക്കുകളില്‍ മാറ്റമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 50 ശതമാനം പിഴ മാത്രം അടച്ച് ഇ- ചെല്ലാനുകള്‍ തീര്‍പ്പാക്കുന്നതിനായി ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



