ആനകളെ സ്നേഹിച്ച മനുഷ്യൻ;ഉത്സവപ്പറമ്പുകളുടെ നിശ്ശബ്ദ നിഴലായിരുന്ന താവുപ്പൻ ഓർമ്മയായി

 





പഴഞ്ഞി : കുന്നംകുളം മേഖലയിലെ ഉത്സവപ്പറമ്പുകളിലും പെരുന്നാൾ വേദികളിലും പതിറ്റാണ്ടുകളോളം ആനകളുടെ പ്രിയതോഴനായി നിറഞ്ഞുനിന്നിരുന്ന പഴഞ്ഞി അയിന്നൂർ വടക്കേതലക്കൽ താവുപ്പൻ
 വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രി 11.30 നോടെ അന്ത്യം സംഭവിച്ചത് 85 വയസ്സാണ് പ്രായം.

ഉത്സവകാലം എത്തുമ്പോൾ ആനകൾക്ക് പിന്നാലെ കയ്യിലൊരു തോട്ടിയുമായി നിശ്ശബ്ദമായി നടക്കുന്ന താവുപ്പന്റെ രൂപം കുന്നംകുളം മേഖലയിലെ പൂരപ്പറമ്പുകളിലും , പെരുന്നാളുകളിലും സ്ഥിരം കാഴ്ചയായിരുന്നു. 

പാപ്പാന്മാരുടെ ഔപചാരിക പരിശീലനമോ ആനപരിപാലനത്തിൽ പ്രത്യേക പഠനമോ ഇല്ലാതിരുന്നിട്ടും ആനകളുമായി അപൂർവമായ ആത്മബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

പ്രകോപിതരായ ആനകളെപ്പോലും സ്നേഹത്തിന്റെ ഭാഷയിൽ ശാന്തരാക്കാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടതാക്കി .

ചാലിശ്ശേരി, കാട്ടകമ്പാൽ, ചൊവ്വന്നൂർ, പോർക്കുളം, കടവല്ലൂർ തുടങ്ങി നിരവധി പ്രദേശങ്ങളിലെ ഉത്സവവേദികളിൽ ആനകൾ എവിടെയുണ്ടോ അവിടെയെല്ലാം താവുപ്പന്റെയും സാന്നിധ്യമുണ്ടായിരുന്നു. പഴയ തലമുറയിലെ എല്ലാവർക്കും സുപരിചതനായ ഇദ്ദേഹം നാട്ടുകാരുടെ സ്വന്തം താവുപ്പേട്ടനായി


ആനകളെ വെറും മൃഗങ്ങളായല്ല , ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരായാണ് അദ്ദേഹം കണ്ടിരുന്നത്.

പ്രായാധിക്യത്തിന്റെ അവശതകൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്സവപ്പറമ്പുകളിൽ സജീവമല്ലാതായിരുന്നെങ്കിലും കുന്നംകുളം താഴത്തെപ്പാറയിലെ വിവിധ കടകളിൽ ഇരുന്ന് പഴയ ഉത്സവ ഓർമകൾ പങ്കുവെച്ചിരുന്ന താവുപ്പനെ നാട്ടുകാർ ഇന്നും സ്നേഹപൂർവം ഓർക്കുകയാണ്

 ആനകളുടെ ചിഹ്നവിളികളും ഉത്സവമേളങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന ഓർമച്ചിത്രമായിരുന്നു അദ്ദേഹം.

അവിവാഹിതനായ താവുപ്പൻ കഴിഞ്ഞ ഒന്നര വർഷമായി കോട്ടപ്പടി അഭയഭവനിലെ അന്തേവാസിയായിരുന്നു. അവിടെയുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അഭയഭവനിലെ പ്രിയപ്പെട്ട പാട്ടുകാരനുമായിരുന്നു. 

കുന്നംകുളത്തെ നിരവധി വ്യാപാരികളുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. 

വിശേഷ ദിവസങ്ങളിൽ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നവരും നിരവധിയായിരുന്നു.

ആനകളുടെ തൊട്ടുപിന്നാലെ സ്നേഹത്തിന്റെ കാവലാളായി നടന്നിരുന്ന താവുപ്പന്റെ ഓർമകൾ ഇനി കുന്നംകുളത്തെ ഉത്സവ ചരിത്രത്തിൽ മായാത്ത അധ്യായമായി തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

പരേതരായ കുര്യൻ , മാത്തിരി എന്നിവരാണ് മാതാ പിതാക്കൾ

 മൃതദ്ദേഹം വ്യാഴാഴ്ച വൈകീട്ട് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടന്നു
 സംസ്‌കാര ചടങ്ങിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു

✍️എ.സി .ഗീവർ ചാലിശ്ശേരി 

Post a Comment

Previous Post Next Post