എടപ്പാൾ : തവനൂർ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരെയും യു.ഡി.എഫ് നേതാക്കളെയും ഉൾപ്പെടുത്തി എംഎൽഎ വി.എസ്. ജോയ് അടിയന്തര യോഗം ചേർന്നു. നരിപ്പറമ്പിലെ താജ് പാലസിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് യോഗം നടന്നത്.
മണ്ഡലം നേരിടുന്ന വിവിധ അടിസ്ഥാന വികസന വിഷയങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. നിലവിൽ നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലാക്കുന്നതിനും പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി നടപടികൾ സ്വീകരിക്കാൻ ധാരണയായി.
തുടർനടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ എംഎൽഎയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഉദ്യോഗസ്ഥ തല യോഗത്തിന് ശേഷം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി നിയോജക മണ്ഡല വികസന കോൺക്ലേവും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി എംഎൽഎ അറിയിച്ചു.



