ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; നെന്മാറയിൽ വീട്ടമ്മ പിടിയിൽ


 നെന്മാറ കണിമംഗലം പുഴയ്ക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ വീട്ടമ്മയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം പുഴയ്ക്കൽത്തറ ചെരുവിൽ വീട്ടിൽ പ്രഭാവതി എന്ന പ്രസന്നയെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് അറസ്റ്റിലായ പ്രഭാവതി.


കഴിഞ്ഞ മെയ് 29-ന് രാത്രി 9 മണിക്കും മെയ് 30-ന് വൈകിട്ട് 5.45-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി, ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.


സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂൺ 1-ന് നെന്മാറയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


അറസ്റ്റിലായ പ്രഭാവതി മുൻപും സമാനമായ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. നേരത്തെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയായിരുന്നു.

Post a Comment

Previous Post Next Post