കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരില്‍ 5 പേര്‍ ആശുപത്രി വിട്ടു. 4 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവര്‍ത്തകയുടെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന, രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ നാലുപേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരും നിലവില്‍ ക്വാറന്റൈനില്‍ ആണ്.
നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയുടെയും സമീപമുള്ള വവ്വാലുകളുടെ താവളങ്ങളില്‍ (Roosting sites) നിന്ന് ശേഖരിച്ച കാഷ്ടം എന്നിവയുടെയും സാമ്പിളുകള്‍ ഭോപ്പാലിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്' (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം ഇന്ന് മെഡിക്കല്‍ കോളജില്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 75 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ സമ്പര്‍ക്കപ്പട്ടികയിലെ 95 പേരെ ഇന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു.
സംശയനിവാരണത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള ഒരു കോള്‍ ആണ് ഇന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. ഇതുവരെ ഇത്തരത്തിലുള്ള 87 കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുണ്ട്. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 5 പേരെ ഇന്ന് വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇത്തരത്തില്‍ 108 കോളുകളാണ് വിളിച്ചത്.



