കുന്നംകുളം മരത്തംകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് ഓട്ടോയിൽ കയറിയ മൂന്നര വയസുകാരി അബദ്ധത്തിൽ ആക്സിലേറ്റർ തിരിച്ചതോടെ ഓട്ടോറിക്ഷ കിണറ്റിൽ പതിച്ചു. അപകടത്തിൽപ്പെട്ട പെൺകുട്ടിയെ പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി. മരത്തംകോട് അമ്പലം പള്ളിക്കു സമീപം ഇന്ന് ഉച്ചതിരിഞ്ഞു മൂന്നോടെയാണ് സംഭവം.
ഓട്ടോറിക്ഷ തൊഴിലാളിയായ അമ്മയുടെ പിതാവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയതായിരുന്നു. ഈ സമയം കുട്ടി വാഹനത്തിനകത്തു കയറി കളിക്കുകയും അബദ്ധത്തിൽ ആക്സിലേറ്റർ തിരിച്ചതോടെ വാഹനം മുന്നോട്ടുനീങ്ങി വീട്ടുമുറ്റത്തെ കിണറ്റിൽ പതിക്കുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് അടുത്തുള്ള പറമ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന എകെജി നഗറിൽ താമസിക്കുന്ന മോഹനനൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.



