കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ വായനാ വാരാചരണ പരിപാടികൾക്ക് തുടക്കമായി.
പരിപാടികളുടെ മുനിസിപ്പൽ തല ഉദ്ഘാടനം തിരുത്തിക്കാട് ഭാരതമാതാ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ് നിർവഹിച്ചു.
കുന്നംകുളം മുനിസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എ. വേലായുധൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡന്റ് ജസ്വീർ, ശ്രീജ ടീച്ചർ, ഡിനനുമോൾ എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ കണിശ്ശേരി അച്ചുതാനന്ദൻ സ്വാഗതവും ജയ്മോൾ നന്ദിയും പറഞ്ഞു.
വായനാചരണത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവൻ സ്കൂളുകളിലും ഇതിനോടകം തന്നെ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. ജൂൺ 24-ന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് മുനിസിപ്പൽ തല ക്വിസ് മത്സരങ്ങൾ നടക്കും.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി വായനാനുഭവ കുറിപ്പ് തയാറാക്കൽ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. നോവൽ: ഖബർ (കെ.ആർ. മീര) ,ആത്മകഥ: കമ്പളിക്കണ്ടത്തെ കൽഭരണികൾ (ബാബു എബ്രഹാം) ശാസ്ത്രം: ഡാർവിൻ പറഞ്ഞതും ഡാർവിൻ പറയാതിരുന്നതും (കെ. ഉഷ) കവിതാ സമാഹാരം: അശരീരികൾ (പി.പി. രാമചന്ദ്രൻ) പ്രശസ്തമായ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് കുറിപ്പുകൾ തയാറാക്കേണ്ടത്
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് വായനാവാരത്തിൽ നഗരസഭ ലക്ഷ്യമിടുന്നത്.



