എടപ്പാൾ : ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഫ്ലക്സ് ബോർഡുകളും കൂറ്റൻ കട്ട്‌ഔട്ടുകളും സ്ഥാപിക്കുന്നതിന് പകരം ആ തുക ചികിത്സാസഹായത്തിനായി മാറ്റിവെച്ച് മാതൃകയായി എടപ്പാൾ ചേകനൂരിലെ ടീം ഓഫ് നെപ്പോളിയൻ ക്ലബ് അംഗങ്ങൾ.
രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സുധൻ എന്ന യുവാവിന്റെ ചികിത്സാ ചെലവുകൾക്കായി ക്ലബ് അംഗങ്ങൾ 10,000 രൂപ സമാഹരിച്ച് ചികിത്സാസഹായ സമിതിക്ക് കൈമാറി. ചേകനൂരിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.
ലോകകപ്പ് ആവേശം ആഘോഷങ്ങൾക്കപ്പുറം സമൂഹത്തോടുള്ള ഉത്തരവാദിത്തമായി മാറ്റിയ യുവാക്കളുടെ ഈ പ്രവർത്തനം പ്രദേശവാസികളുടെ പ്രശംസ പിടിച്ചുപറ്റി. ആഘോഷങ്ങൾക്കൊപ്പം കാരുണ്യവും കൈകോർക്കാമെന്ന സന്ദേശം നൽകിയ യുവാക്കൾ നാടിന് മാതൃക സൃഷ്ടിച്ചു



