കാലവര്‍ഷ മുന്നൊരുക്ക നടപടികളുടെ ഭാഗമായി വകുപ്പുതല ഏകോപനവും തയ്യാറെടുപ്പുകളും പ്രധാനമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍. ജില്ലയിലെ കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളുടെയും കുടുംബങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കൂടാതെ, ക്യാമ്പുകളായി പ്രവര്‍ത്തിപ്പിക്കാന്‍ കണ്ടെത്തിയ കെട്ടിടങ്ങളുടെയും അനുബന്ധമായ അടിസ്ഥാനസൗകര്യങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടും അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ- താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിട്ടുണ്ട്.
*ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍*- 8921994727, 0491 2505209, 1077.
*താലൂക്ക് കണ്‍ട്രോള്‍ നമ്പറുകള്‍*
പാലക്കാട്-കണ്‍ട്രോള്‍ നമ്പര്‍: 0491 2505770
ആലത്തൂര്‍- കണ്‍ട്രോള്‍ നമ്പര്‍: 0492 2222324
ചിറ്റൂര്‍- കണ്‍ട്രോള്‍ നമ്പര്‍: 0492 3224740
മണ്ണാര്‍ക്കാട്- കണ്‍ട്രോള്‍ നമ്പര്‍: 0492 4222397
ഒറ്റപ്പാലം- കണ്‍ട്രോള്‍ നമ്പര്‍: 0466 2244322
പട്ടാമ്പി- കണ്‍ട്രോള്‍ നമ്പര്‍: 0466 2214300
അട്ടപ്പാടി- കണ്‍ട്രോള്‍ നമ്പര്‍: 0492 4291470, 9207191470
മഴക്കാല രോഗങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ ഉണ്ടെന്ന് ഉറപ്പാക്കും. ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം. പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റി വെനം ജില്ലയില്‍ താലൂക്കാശുപത്രിക്ക് മുകളിലുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുളങ്ങള്‍ വൃത്തിയാക്കുക, നീര്‍ച്ചാലുകളുടെ തടസങ്ങള്‍ നീക്കുക, തദ്ദേശ സ്ഥാപനതലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി കള്‍ സ്വീകരിക്കണം. അപകടപരമായ വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുക, റോഡുകളിലെ കുഴികള്‍ സമയബന്ധിതമായി അടയ്ക്കുക, അഴുക്കുചാലുകള്‍ വൃത്തിയാക്കല്‍, അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് / ദേശീയപാത അതോറിറ്റി അധികൃതരെ ചുമതലപ്പെടുത്തി. അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടി ജില്ലയില്‍ തുടരുന്നു.
കാലവര്‍ഷം കനത്താല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് നിരന്തര പട്രോളിങ് നടത്തും. ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍, ആപ്തമിത്ര സേനാംഗങ്ങള്‍, മറ്റു സന്നദ്ധസേന പ്രവര്‍ത്തകരുടെ വിവരശേഖരണവും മേല്‍നോട്ടവും അഗ്‌നിരക്ഷാസേന വകുപ്പ് നടത്തും.
മഴക്കാലത്ത് സജ്ജീകരിക്കുന്ന ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേകം പോഷകാഹാരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സൈക്കോ സോഷ്യല്‍ കെയര്‍ സാമൂഹിക നീതി- ആരോഗ്യവകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ നല്‍കും. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
ജില്ലയിലെ പാറമടകളിലെ കുളങ്ങള്‍ക്കു ചുറ്റും ഉറപ്പും ഉയരവും ഉള്ള വേലി/ മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ തുടര്‍ന്നാല്‍ മലയോരത്ത് മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുളങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
വൈദ്യുതി വിതരണത്തില്‍ തടസമുണ്ടാവാതിരിക്കാന്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ്, മറ്റ് പൊതുയിടങ്ങളില്‍ അപകടകരമായ വിധത്തില്‍ വൈദ്യുതിലൈനുകള്‍ ഇല്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
നീര്‍ച്ചാലുകള്‍, ഓടകള്‍ തടസരഹിതമാക്കുക, പുഴയോരത്തെ വീടുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് മണല്‍ നിറച്ച കയര്‍ ചാക്ക്, ജിയോ ട്യൂബ് തുടങ്ങിയവ കരുതാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.
മഴക്കാലത്ത് തടസമില്ലാത്ത ജലവിതരണവും ജലത്തിന്റെ ഗുണനിലവാരവും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും.
വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാന്‍ ക്യാമ്പുകള്‍ നടത്തുന്നതിന് കെട്ടിടങ്ങള്‍ ഊരുകളിലും മറ്റും കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി. വനമേഖലയിലെ ദുരന്തസാഹചര്യം നിരന്തരം നിരീക്ഷിക്കും.
രാസവളങ്ങള്‍/ കീടനാശിനികള്‍ തുടങ്ങിയവ മഴ ശക്തമാവുന്നതിനു മുന്നോടിയായി മാറ്റി സ്ഥാപിക്കാന്‍ കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മുഖേന നിര്‍ദ്ദേശം നല്‍കും.
ഫാക്ടറികളിലെ ദുരന്ത സാധ്യത വിലയിരുത്താനും കാലവര്‍ഷം ശക്തമായാല്‍ വിനോദസഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പക്ഷിമൃഗാദികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല പദ്ധതി രൂപീകരിക്കുകയും ആവശ്യമെങ്കില്‍ ക്യാമ്പ് ആരംഭിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ സുനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



