മന്ത്രി റോജി എം. ജോൺ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു;പരിസ്ഥിതി ദിനത്തിൽ മന്ത്രിക്ക് അഗ്ലോനിമ ഇൻഡോർ പ്ലാൻ്റ് സമ്മാനിച്ചു


 കൊച്ചി :സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ  ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. തിരുവാങ്കുളം ക്യംതാ സെമിനാരിയിലെ കാതോലിക്കോസ് റെസിഡൻസിയിലായിരുന്നു കൂടിക്കാഴ്ച. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രിക്ക് ഹരിത ഉപഹാരം അഗ്ലോനിമ ഇൻഡോർ പ്ലാൻ്റ് നൽകിയാണ് ശ്രേഷ്ഠ ബാവ സ്വീകരിച്ചത്.


സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രാദേശിക വികസനകാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ആവശ്യകത ഇരുവരും എടുത്തുപറഞ്ഞു.


ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരവും നവീന സാധ്യതകളും സൃഷ്ടിക്കുന്നതിനായി ദൈവത്തിന്റെ അനുഗ്രഹവും കരുതലും എന്നും കൂടെയുണ്ടാകട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു.


അങ്കമാലി മേഖലാധിപൻ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പൈനാടത്ത്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗം ജോൺസൺ ടി. തുരുത്തിയിൽ, അരമന മാനേജർ ഫാ. ജോഷി മാത്യു ചിറ്റേത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post