വള്ളുവനാടൻ കലാപാരമ്പര്യത്തിന്റെ ഭാഗമായ തിറ–പൂതൻ അനുഷ്ഠാനകലയുടെ പരിചയവും അവതരണവും എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ സംഘടിപ്പിച്ചു.
സോപാനം സ്കൂൾ എല്ലാ മാസവും അവസാനവാരത്തിൽ സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ഭാഗമായാണ് ഈ പ്രത്യേക കലാപരിചയ പരിപാടി അരങ്ങേറിയത്.
സോപാനം സ്കൂളിലെ ഗുരുനാഥനും പ്രശസ്ത തിറ–പൂതൻ കലാകാരനുമായ ജയൻ വെള്ളാളൂർ കലാരൂപത്തിന്റെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വിശദീകരിച്ചു.
ഭദ്രകാളിയെ പ്രതിനിധാനം ചെയ്യുന്ന തിറയും, ശിവന്റെ ഭൂതഗണങ്ങളിൽപ്പെട്ട ഒരു ഭൂതസങ്കൽപ്പത്തെ ആധാരമാക്കി കെട്ടിയാടുന്ന പൂതനും ചേർന്ന ഈ അനുഷ്ഠാനകല, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ സംഗമിക്കുന്ന വള്ളുവനാട്ടിലെ പരിമിത പ്രദേശങ്ങളിൽ മാത്രമാണ് ഇന്നും നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കലാരൂപത്തിലെ ചമയങ്ങളുടെ പ്രത്യേകതകൾ, മുഖമെഴുത്ത്, വേഷവിധാനം, നൃത്തചുവടുകൾ, അനുഷ്ഠാനപരമായ ഘടകങ്ങൾ എന്നിവയും ജയൻ വെള്ളാളൂർ വിശദമായി പരിചയപ്പെടുത്തി.
സാധാരണയായി പൂരപ്പറമ്പുകളിലും ക്ഷേത്രോത്സവ വേദികളിലും മാത്രം കാണാൻ സാധിക്കുന്ന ഈ കലാരൂപത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് സോപാനം സ്കൂളിലെ കലാസ്വാദകർക്കായി ഒരുക്കിയത്.
വള്ളുവനാടിന്റെ തനതായ അനുഷ്ഠാനകലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സോപാനം സ്കൂൾ ഇത്തരത്തിലുള്ള കലാപരിചയ പരിപാടികൾ തുടർച്ചയായി സംഘടിപ്പിച്ചുവരുന്നത്.
സോപാനം ഡയറക്ടർ സന്തോഷ് ആലംകോട്,പ്രവർത്തകസമിതി അംഗങ്ങളും
സംഘാടകരുമായ കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, ടി.പി. മോഹനൻ,നാരായണൻ മുല്ലപ്പള്ളി, അഡ്വ. രാജേഷ് തലക്കശ്ശേരി,സോപാനം അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ,സബിത സുധീഷ്, രമണി ടീച്ചർ,വി.എം. ദീപ,അജിത ടീച്ചർ,രാകേഷ് പരിയപ്പുറം, മനീഷ് കലാമണ്ഡലം എന്നിവർ പങ്കെടുത്തു


