സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കുന്നു; ജൂലൈ 21 മുതൽ അനിശ്ചിതകാല സമരം


 സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ജൂലൈ 21 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് പരിഷ്കരിക്കണം ആവശ്യപ്പെട്ടാണ് സമരം. ഊബർ, ഓല, റാപിഡോ, കേരള സവാരി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് ഡ്രൈവർമാരുടെ പ്രതിഷേധം.


ന്യായമായ നിരക്ക് പരിഷ്കരണം, ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കൽ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് മുൻപോട്ട് വെച്ചിരിക്കുന്നത്. 1000 രൂപയ്ക്ക് ഓട്ടം കിട്ടിയാൽ 500 രൂപ കമ്പനി എടുക്കുന്ന സ്ഥിതിയാണ്. ഇന്ധനവില വർധനവോടെ ടാക്സി ഓടുന്നത് വലിയ നഷ്ടത്തിലുമാണ്. ഇതിനൊപ്പം ഇരട്ടി കമ്മീഷനും കൂടി ആകുമ്പോൾ ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു.


ഓട്ടത്തിൽ നിന്നും കമ്മീഷൻ എടുത്ത് കമ്പനികൾ കൊള്ളലാഭം നേടുന്നതിനെതിരെ സർക്കാർ ഇടപെടലും ഉണ്ടാകുന്നില്ലെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംഘടനാ ഭാരവാഹികൾ കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ മാസം 21 മുതൽ ആരംഭിക്കുന്ന സമരത്തിൽ സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ ടാക്സി ഡ്രൈവർ സംഘടനകളും അണിനിരക്കുമെന്നും ആയിരക്കണക്കിന് ഡ്രൈവർമാർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് പൂർണമായും ഓഫ് ലൈൻ ആകുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post