ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചങ്ങരംകുളം വിന്നേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ആമയവും ബി.ഡി.കെ. പൊന്നാനിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
70 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 20 പുതു രക്തദാതാക്കളും മൂന്ന് വനിതകളും ഉൾപ്പെടെ 47 പേർ രക്തം ദാനം ചെയ്തു.
2025 ജൂലൈ 14-ന് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ച വിനോദ് ഭാസ്കറിന്റെ സ്മരണാർത്ഥം സംസ്ഥാനവ്യാപകമായി ബി.ഡി.കെ. പ്രവർത്തകർ സംഘടിപ്പിച്ച രക്തദാന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടന്നത്.
വിന്നേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, ബി.ഡി.കെ. ജില്ലാ-താലൂക്ക് ഭാരവാഹികൾ, എയ്ഞ്ചൽസ് വിംഗ് പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
രക്തദാനം നടത്തിയ എല്ലാ സുമനസ്സുകളെയും ബി.ഡി.കെ. ഭാരവാഹികൾ അഭിനന്ദിച്ചു. ക്യാമ്പ് സംഘടിപ്പിച്ച വിന്നേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിനെ ബി.ഡി.കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററും ഉപഹാരം നൽകി ആദരിച്ചു.


