കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.
കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും സതീശൻ പ്രഖ്യാപിച്ചു. മണ്ണ് നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അപകട സാധ്യതയും പരിശോധിക്കും
പ്രദേശത്തിന് തൊട്ടുമുകളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. അത് കൂടി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ തീരുമാനങ്ങൾ എടുക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ തുരങ്ക നിർമാണത്തിന് പാരിസ്ഥിതിക അനുമതി നൽകുമ്പോൾ മുന്നോട്ടുവെച്ച കർശന നിർദേശങ്ങൾ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.


