എരുമപ്പെട്ടിയിൽ തനിച്ച് താമസിക്കുന്ന 80കാരിയുടെ സ്വർണ്ണ മാല കവർന്നു.
കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ 80 വയസുള്ള ബീവാത്തുവിൻ്റെ മൂന്ന് പവ്വൻ തൂക്കം വരുന്ന മാലയാണ് യുവാവ് കവർന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പകൽ സമയത്ത് വീട്ടിലേക്ക് കയറി ചെന്ന മോഷ്ടാവ് കട്ടിലിൽ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ച് മാല ഊരിയെടുക്കുകയായിരുന്നു. ഇതിന് ശേഷം വിരലിൽ കിടന്നിരുന്ന മോതിരവും ഊരിയെടുക്കാൻ ശ്രമിച്ചു. പിടിവലിയിൽ മോഷ്ടാവ് ബീവാത്തുവിൻ്റെ കൈ പിടിച്ച് തിരിച്ചതിനെ തുടർന്ന് വിരലുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മകൻ മരിച്ചശേഷം ഇവർ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മാല ഊരിയെടുത്തതിന് ശേഷം മോഷ്‌ടാവ് വാതിൽ പുറമേനിന്ന് കുറ്റിയിട്ട് കടന്ന് കളയുകയായിരുന്നു. എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ നിന്നും വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ വീടുകളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു.


