എസ്.അഴഗിരിക്കും ജാഫർ കുറ്റിക്കോടിനും അക്ഷരജാലകം പി.എൻ പണിക്കർ പുരസ്കാരം


 കൂറ്റനാട് : മികച്ച ഗ്രന്ഥശാലാ പ്രവർത്തകർക്ക് വർഷം തോറും നൽകുന്ന അക്ഷരജാലകം പി.എൻ പണിക്കർ പുരസ്കാരം പ്രഖ്യാപിച്ചു. 


ദീർഘകാലം പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് ലൈബ്രേറിയനായിരുന്ന എസ്.അഴഗിരി,

അബൂദാബിയിലെ അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനായ ജാഫർ കുറ്റിക്കോട് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം.


നാഗർകോവിൽ വടശ്ശേരി സ്വദേശിയായ എസ്.അഴഗിരി (71) 

സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഗ്രന്ഥശാല പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ക്ലാസ് എടുക്കുന്നുണ്ട്.

പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് ലൈബ്രറിയെ

കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ലൈബ്രറിയായി വളർത്തുന്നതിന് അഹോരാത്രം പ്രവർത്തിച്ച അഴഗിരി താളിയോലകൾ പരിപാലിക്കുന്നതിനും വായനാവാരം, പുസ്തക പ്രദർശനം, സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകിയിരുന്നു.

കേരള സാഹിത്യ അക്കാദമിയിൽ മൂന്ന്  വർഷം എഡിറ്ററായി ജോലി ചെയ്ത അദ്ദേഹം

2012ൽ  NACC ചെയർമാൻ ഡോ.ദുർഗാപ്രസാദിൻ്റെ നിർദേശ പ്രകാരം  പട്ടാമ്പി ഗവ.കോളേജിന്റെ ചരിത്ര രചന ഏറ്റെടുത്തു. 

ആദ്യ പുസ്തകം ‘ഭദ്രദീപം’ (പുന്നശ്ശേരി നമ്പി ശ്രീധരൻ നമ്പിയുടെ കാലം മുതൽ നീലകണ്ഠ ശർമ്മ 1918 വരെ) പ്രസിദ്ധീകരിച്ചു.

ഇതിനു വേണ്ടി സായ് ബുക്സ് എന്ന പേരിൽ ബുക്ക്സ്റ്റാളും പ്രസാധക സംരംഭവും തുടങ്ങി. ഭാരതീയ സംഖ്യാ ശാസ്ത്രം, പുത്തില്ലത്തു ഗ്രന്ഥവരി, പാഴൂർ ഗ്രന്ഥവരി, തൃപ്പാളൂർ ക്ഷേത്ര ലിഖിതം എന്നി പുസ്തകങ്ങൾ പണിപ്പുരയിലാണ്.

ഇതു കൂടാതെ ഭാരതപ്പുഴ സംരക്ഷണ സമിതി, കേരള നദി സംരക്ഷണ സമിതി തുടങ്ങിയ പരിസ്ഥിതി സംഘടനകളിലും പ്രവർത്തിക്കുന്നു.

ഭാര്യ : പത്മ.

മക്കൾ: സൂര്യ, സന്ധ്യ.


അബുദാബിയിലെ മലയാളികൾക്കിടയിൽ വായനശീലം വളർത്തുന്നതിന് ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ജാഫർ കുറ്റിക്കോട് (44) ഐ.ഐ.സി ലൈബ്രറിക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സോഫ്റ്റുവെയറുകൾ

ഉപയോഗിച്ച് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.  ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കവിതകളെഴുതുന്ന എഴുത്തുകാരൻ എന്നതിലുപരി, വളർന്നുവരുന്ന പുതുതലമുറയിലെ എഴുത്തുകാർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി സാഹിത്യ രംഗത്ത് സജീവമായി  പ്രവർത്തിക്കുന്നു. യു.എ.ഇ ഗവൺമെന്റിന്റെ അംഗീകാരമുള്ള മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിന്റെ സാഹിത്യവിഭാഗം സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐ.ഐ.സി സാഹിത്യ വിഭാഗം ജനറൽ കൺവീനർ,  ഐ.ഐ.സി ലൈബ്രേറിയൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 


ഇരുപത് വർഷക്കാലമായി അബുദാബിയിൽ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊർണൂർ കുറ്റിക്കോട് സ്വദേശിയാണ്. മുഹമ്മദ്, ആസിയ എന്നിവരാണ് മാതാപിതാക്കൾ. റൈസ ഭാര്യയും ഫിദ, ഫഹ്മിദ, ഫർഹ, ഫാത്തിമ എന്നിവർ മക്കളുമാണ്.


പതിനായിരം രൂപയുടെ പുസ്തകങ്ങളും പൊന്നാടയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. 


പട്ടാമ്പിയിൽ നടക്കുന്ന ചടങ്ങിൽ എസ്. അഴഗിരിക്കും അബൂദാബിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജാഫർ കുറ്റിക്കോടിനും പുരസ്കാരങ്ങൾ നൽകുമെന്ന് അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post